ന്യൂഡല്‍ഹി : സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ജൂലായ് 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. 2008 GO20 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് താജ്മഹലിന്റെ മൂന്നിരട്ടി വലിപ്പമുണ്ട്. മണിക്കൂറില്‍ 18,000 മൈല്‍ വേഗതയിലാണ് ഇത് ഭൂമിയിലേക്ക് അടുക്കുന്നതെന്നും നാസ വ്യക്തമാക്കി.
അതേ സമയം ഇതിന്റെ സഞ്ചാരപാതയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നാസ അറിയിച്ചു. ചന്ദ്രനേക്കാള്‍ അകലെയാണ് ഇവയുടെ സഞ്ചാരപാത. എന്നിരുന്നാലും ഭൂമിയോട് വളരെ അടുത്തേക്ക് വരുന്നതിനാല്‍ സൗരയൂഥത്തില്‍ ഭൂമിയുടെ പരിസരത്ത് കറങ്ങി നടക്കുന്ന നിയര്‍ എര്‍ത്ത് ഒബ്ജക്ട് കൂട്ടത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ഒരുവിധേനയും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകില്ലെന്നാണ് നാസ നല്‍കുന്ന വിവരങ്ങള്‍.
ഭൂമിയിലേക്ക് പതിച്ചേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാന്‍ വലിയ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ചൈനീസ് ഗവേഷകര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന രണ്ട് ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാന്‍ ഈ വര്‍ഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ യുഎസ് ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.