ഹൂസ്റ്റണ്‍: ശനി ഗ്രഹത്തിനു ചുറ്റുമുള്ള വലയങ്ങള്‍ അപ്രത്യക്ഷമാകും. ശനിയുടെ കാന്തികശക്തി മൂലം വലയങ്ങള്‍ ഐസ് പൊടിയായി ഗ്രഹത്തിലേക്കു വര്‍ഷിക്കപ്പെടുന്നതായി കണ്ടെത്തിയെന്ന് നാസ അറിയിച്ചു. 10 കോടി വര്‍ഷംകൊണ്ട് വലയങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് അനുമാനം.
ഐസ് കട്ടകളുടെ കൂട്ടമാണ് ശനിക്കു ചുറ്റും വലയങ്ങള്‍ തീര്‍ക്കുന്നത്. അതിസൂഷ്മം മുതല്‍ മീറ്ററുകള്‍ വരെ വലിപ്പം ഐസ് കട്ടകള്‍ക്കുണ്ട്. ശനിയെ പ്രദക്ഷിണം ചെയ്തിരുന്ന ഐസ് ഉപഗ്രങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നായിരിക്കാം വലയങ്ങള്‍ രൂപംകൊണ്ടതെന്നാണ് പ്രധാന നിഗമനം. അര മണിക്കൂര്‍കൊണ്ട് ഒരു ഒളിമ്പിക് നീന്തല്‍ക്കുളം നിറയ്ക്കാനുള്ളത്ര ഐസ് മഴ ഇപ്പോള്‍ പെയ്യുന്നുണ്ടെന്ന് നാസാ ശാസ്ത്രജ്ഞന്‍ ജയിംസ് ഒ’ഡോണഗെ പറഞ്ഞു.
ശനിക്ക് 400 കോടി വര്‍ഷം പഴക്കമുണ്ട്. ശനി രൂപം കൊണ്ടപ്പോള്‍തന്നെ വലയങ്ങളുമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ശാസ്ത്രലോകം ഉത്തരം തേടുന്നു. വലയങ്ങള്‍ പിന്നീട് ഉണ്ടായതാണെന്ന നിഗമനത്തിലേക്കാണ് ഇപ്പോഴത്തെ കണ്ടെത്തല്‍ നയിക്കുന്നത്. 10 കോടി വര്‍ഷത്തിലധികം പഴക്കം വലയങ്ങള്‍ക്കില്ലെന്നാണ് അനുമാനം.
ശനിയുടെ വലയങ്ങള്‍ കാണാന്‍ അവസരം ലഭിച്ചത് ഭാഗ്യം തന്നെയാണെന്ന് നാസാ ശാസ്ത്രജ്ഞന്‍ പറഞ്ഞു. വ്യാഴം, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളിലെ വലയങ്ങള്‍ കാണാനുള്ള അവസരം നമുക്കു നഷ്ടമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഗ്രഹങ്ങള്‍ക്ക് വളരെ നേര്‍ത്ത വലയങ്ങളാണ് ഇപ്പോഴുള്ളത്.
Discussion about this post