സിഡ്‌നി : ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഡിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ഡിനോസറിന് കൂപ്പര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ക്വീന്‍സ് ലാന്‍ഡിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു കൃഷിയിടത്തില്‍ നിന്നാണ് ഈ ഭീമാകാരന്‍ ദിനോസറിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. ഏകദേശം 6.5 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവും ഉള്ളതാണ് ഈ ദിനോസറുകളെന്ന് ഗവേഷകരുടെ അനുമാനം.ഏകദേശം ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ വലിപ്പവും രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരവും.
ഇലകളും സസ്യങ്ങളും ഭക്ഷണമാക്കുന്ന സൗറോപോഡ്‌സ് എന്ന വിഭാഗത്തില്‍പ്പെട്ടവയാണ് ഈ ഡിനോസറുകളെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ദിനോസറിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കാനും വര്‍ഗീകരിക്കാനുമുള്ള ശ്രമം നടത്തി വരികയായിരുന്നു. ചെറിയ തലയും നീളമുള്ള കഴുത്തും വാലും തൂണുകള്‍ പോലുള്ള കാലുകളും ഇവയ്ക്കുണ്ട്. ഒമ്പത് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിലാണ് ഇവ ഭൂമിയില്‍ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. 67 ടണ്‍ ഭാരമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
Discussion about this post