ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വംശനാശം സംഭവിച്ച ഒരു കടല്‍നായയാണ് മങ്ക് സീല്‍. ഇവയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയിരുന്നത് മനുഷ്യരും സ്രാവുകളും ആണ്. അക്കാലത്ത് കരിമ്പ് ഫാക്ടറികളിലെ യന്ത്രങ്ങളില്‍ ഉപയോഗിക്കുവാനുള്ള എണ്ണയ്ക്ക് വേണ്ടി ഇവയെ വ്യാപകമായി വേട്ടയാടി. തുടര്‍ന്ന് ഇവയുടെ വംശനാശം ഭീഷണിയെ തുടര്‍ന്ന് മങ്ക് സീലുകളുടെ സംരക്ഷണം എറ്റെടുത്ത് സംഘടനയായ NOAA
സംഘടന പ്രവര്‍ത്തനമാരപ്പിച്ചു.
എന്നാല്‍ ഇപ്പോള്‍ മങ്ക സീലുകള്‍ മറ്റെരു ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. സീലിന്റെ മൂക്കില്‍ അകപ്പെട്ട ഈല്‍ (ആരല്‍ മത്സ്യം)നെ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്രലോകം. സംരക്ഷിത വിഭാഗത്തില്‍ പെട്ട ഹവായിയന്‍ മങ്ക് സീലിന്റെ മൂക്കിനുള്ളിലാണ് ഈല്‍ അകപ്പെട്ടത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. മുന്‍പും ഇത്തരത്തില്‍ സീലിന്റെ മൂക്കിനുള്ളില്‍ ഈല്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെ(NOAA) ഭാഗമായ ഹവായിയന്‍ മങ്ക് സീല്‍ ഗവേഷക വിഭാഗമാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത സീലുകളുടെ മൂക്കിലാണ് ഈലുകള്‍ അകപ്പെടുന്നതെന്നും ഗവേഷക വിഭാഗം വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളിലും ഇതേ നിലയില്‍ സീലുകളെ കണ്ടെത്തിയിരുന്നു. തീരത്തോടു ചേര്‍ന്നുള്ള പവിഴപ്പുറ്റുകള്‍ക്കിടയിലെ മത്സ്യങ്ങളും മറ്റു കടല്‍ജീവികളുമാണ് സീലുകളുടെ പ്രധാന ഭക്ഷണം. ഈലുകളെയും സീലുകള്‍ ഭക്ഷണമാക്കാറുണ്ട്. പവിഴപ്പുറ്റുകള്‍ക്കിടയിലാണ് ഈലുകളുടേയും വാസം. സീലുകള്‍ ഇരതേടുമ്പോള്‍ രക്ഷപെടാനായി ഈലുകള്‍ മൂക്കിനുള്ളിലേക്ക് ഇടിച്ചുകയറുന്നതാണെന്നാണ് ഗവേഷകരുടെ നിഗമനം. മാത്രമല്ല കുഞ്ഞു സീലുകള്‍ നല്ല വേട്ടക്കാരല്ലെന്നുള്ളതും ഒരു കാരണമാണ്. സാധാരണയായി വെള്ളത്തിനടിയില്‍ ഇരതേടാനിറങ്ങുമ്പോള്‍ സീലുകളുടെ മൂക്ക് സ്വാഭാവികമായും അടയാറുണ്ട്. എന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് രസകരമായ കാര്യം.
ഗവേഷകരുടെ മറ്റൊരു നിഗമനം ഇരയെ വിഴുങ്ങുന്ന സീലുകള്‍ ഈലുകളെ ഛര്‍ദ്ദിക്കുമ്പോള്‍ വായിലൂടെ പുറത്തു വരുന്നതിനു പകരം മൂക്കിലൂടെ പുറത്തേക്കു വരുന്നതാകാമെന്നാണ്. എന്തായാലും ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഹവായിയന്‍ മങ്ക് സീലുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ NOAA ഈ നിലയില്‍ കണ്ടെത്തിയ സീലുകളെയെല്ലാം രക്ഷപെടുത്തിയിട്ടുണ്ട്.
കൈകളില്ലാത്ത ജീവികളായതിനാല്‍ ഈലുകള്‍ മൂക്കില്‍ കുടുങ്ങിയാല്‍ സീലുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. സീലുകളുടെ മൂക്കില്‍ ഈലുകള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി സീലുകളുടെ മൂക്കില്‍ നിന്ന് ഈലുകളെ മാറ്റുകയാണ് പതിവ്. ഇങ്ങനെ സംഭവിക്കുന്നതു മൂലം ഇതുവരെ ഒരു സീലിനും അപകടം സംഭവിച്ചിട്ടില്ലെന്നും സംഘം വ്യക്തമാക്കുന്നു. എന്നാല്‍ സീലിന്റെ മൂക്കില്‍ അകപ്പെട്ട ഒരു ഈല്‍ പോലും ഇതുവരെ രക്ഷപെട്ടിട്ടുമില്ല. എന്തായാലും ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിനു പിന്നാലെയാണ് ശാസ്തലോകം
Discussion about this post