കൊവിഡ് 19 രോഗത്തിന്റെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നതിനിടെ ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നു. കൊവിഡ് 19 ബാധിച്ചവരിൽ പുരുഷൻമാരിലെ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ നില കുറയുമെന്നാണ് പുതിയ പഠനം. ദ ഏജിങ് മെയിൽ എന്ന ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ ശ്വാസകോശ അവയവങ്ങളുടെ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന്റെ അളവ് കുറയുന്നത് ശ്വാസകോശ അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് അണുബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കാനും ഐസിയുവിലുള്ള പുരുഷൻമാരിൽ മരണനിരക്ക് കൂടാനും കാരണമാകുന്നുവെന്നും പഠനത്തിന് നേതൃത്വം നൽകിയ മെർസിൻ സർവകലാശാലയിലെ യൂറോളജി പ്രൊഫസർ സെലാഹിറ്റിൻ സയാൻ പറഞ്ഞു. ടെസ്റ്റോസ്റ്റിറോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കാനാവാത്ത ഹൈപ്പോഗൊണാഡിസം എന്ന രോഗാവസ്ഥ ഈ രോഗികളിലുണ്ടാകുന്നുണ്ടെന്നും സയാൻ പറഞ്ഞു.
അതേസമയം, ടെസ്റ്റോസ്റ്റിറോൺ ഒരളവിലധികം കുറയുമ്പോൾ കൊവിഡ് 19 ഗുരുതരമാകുമെന്നും പഠനത്തിൽ കണ്ടെത്തി. കൊവിഡ് 19 മൂലം മരിച്ചവരിൽ ജീവിച്ചിരിക്കുന്നവരിൽ ഉള്ളതിനേക്കാൾ ടെസ്റ്റോസ്റ്റിറോൺ നില കുറവാണെന്നും ഗവേഷകർ കണ്ടെത്തി. 232 പുരുഷൻമാർ ഉൾപ്പടെ 438 കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളിലാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.