തൃശ്ശൂർ: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? ഗ്രഹണം നഗ്നനേത്രം കൊണ്ട് വീക്ഷിക്കാമോ? ഇങ്ങനെ വീക്ഷിച്ച് കാഴ്ച കുറഞ്ഞാൽ ചികിത്സയുണ്ടോ? ഓരോ ഗ്രഹണ സമയത്തും ഉയർന്നുവരുന്ന ചോദ്യങ്ങളാണിത്. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നത് കാലങ്ങളായി നിലനിൽക്കുന്ന പ്രചാരണമാണ്. ഇത് പിന്തുടരുന്നവരും കുറവല്ല, എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് ശാസ്ത്രാന്വേഷികളുടെയും വിദഗ്ദരുടെയും അഭിപ്രായം.
ഭക്ഷണം കഴിക്കുന്നതും സൂര്യഗ്രഹണവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കാൻ പലയിടങ്ങളിലും പായസവിതരണവും ശാസ്ത്ര സ്‌നേഹികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഗ്രഹണ സമയത്ത് സൂര്യനെ ഒരിക്കലും നഗ്‌ന നേത്രങ്ങൾ കൊണ്ടോ കൂളിങ് ഗ്ലാസ്, എക്സറേ ഫിലിമുകൾ എന്നിവ ഉപയോഗിച്ചോ വീക്ഷിക്കരുത്. നിർബന്ധമായും ഇത് പാലിക്കുക. നേരിട്ട് സൂര്യനെ നോക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടാൻ വരെ ഇടയാക്കും.
സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് കിരണങ്ങളാണ് ഗ്രഹണ സമയത്ത് വില്ലനാകുന്നത്. ഇത്തരത്തിൽ കാഴ്ച നഷ്ടപ്പെട്ടാൽ അതിന് ചികിത്സയില്ലെന്നും വിദഗ്ധർ പറയുന്നു.
Discussion about this post