കരുമാലൂര്‍: ഇനി ആളെ തപ്പിനടക്കേണ്ട അടക്ക പറിക്കാന്‍. പുതിയ യന്ത്രം കണ്ടുപിടിച്ച് എസ്എന്‍ജിസ്റ്റ് കോളജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണു യന്ത്രത്തിന്റെ പ്രവര്‍ത്തനം. ഒരുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ഥികള്‍ യന്ത്രം രൂപകല്‍പന ചെയ്തത്. 3.5 കിലോഗ്രാം ഭാരമുള്ള യന്ത്രം റീച്ചാര്‍ജബിള്‍ ബാറ്ററിയുടെ സഹായത്തോടെയാണു പ്രവര്‍ത്തിപ്പിക്കുന്നത്. ഒരുവട്ടം ചാര്‍ജ് ചെയ്താല്‍ പതിനഞ്ചോളം മരത്തില്‍ കയറാനാവുമെന്നാണു വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
മനുഷ്യന്റെ കൈകാലുകള്‍ പോലെ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തില്‍ യന്ത്രത്തിന്റെ ഇരുവശങ്ങളിലും കപ്പികള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ യന്ത്രം കമുകില്‍ ചേര്‍ത്തു കോര്‍ത്തു നിര്‍ത്തും. തുടര്‍ന്ന് മൊബൈല്‍ ആപ് വഴി നിര്‍ദേശം നല്‍കുന്നതോടെ യന്ത്രം മുകളില്‍ എത്തും. അടക്ക പറിക്കാനുള്ള പ്രത്യേക തരം കത്തിയും യന്ത്രത്തില്‍ ഉണ്ട്.
അസി. പ്രഫസര്‍മാരായ ദിനുലാല്‍, എംഎസ് മനീഷ്, ഐഇഡിസി കോഓര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് എന്നിവരുടെ സഹായത്തോടെ അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ ജ്യോതിഷ്, അമല്‍ തോമസ്, ആരതി പൗലോസ്, പിഎ അമല്‍, നോബിള്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണു യന്ത്രം വികസിപ്പിച്ചത്.