സതിവര്‍മയുടെ ഓര്‍മയില്‍ അംഗനമാര്‍ ആട്ടവിളക്കിന്‍ തിരി തെളിച്ച് കളിയരങ്ങിലേക്ക്

kalabhavan mani, death, movies
തൃപ്പൂണിത്തുറ: കഥകളിയുടെ ലോകത്തെ വനിതാസംഘങ്ങളിലേക്ക് വഴിതെളിച്ചു വിട്ട ആട്ടവിളക്കിന്‍ പ്രകാശം ഈഡൂപ്പ് പാലസിലെ സതി വര്‍മ്മയുടെ ഓര്‍മ്മദിനം വ്യത്യസ്തമാക്കാനൊരുങ്ങി അംഗനമാര്‍ കളിയരങ്ങിലേക്ക്. ആട്ടവിളക്കണയാത്ത രാവിനെ ത്രസിപ്പിച്ച് തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിലെ അംഗനമാരാണ് ആട്ടമികവില്‍ കളിക്കോട്ടപാലസില്‍ ഒരുക്കിയ അരങ്ങിലേക്കെത്തുന്നത്. കല്യാണസൗഗന്ധികവും നളചരിതത്തിലെ ദമയന്തിയും ദുര്യോധനവധത്തിലെ രൗദ്രഭീമനും ദുശ്ശാസനനും കൃഷ്ണനും അര്‍ജുനനുമെല്ലാമാണ് അംഗനമാരുടെ ശ്രമത്തിനു മുന്നില്‍ ഇന്ന് അരങ്ങില്‍ വഴങ്ങുന്നത്. വെള്ളിനേഴിയെന്ന കഥകളിയുടെ ഈറ്റില്ലമായ ഗ്രാമത്തില്‍ കുട്ടിക്കാലം ചിലവഴിച്ച സതി അമ്മായി എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ഈഡൂപ്പ് പാലസിലെ സതി വര്‍മ വളര്‍ന്നത് കഥകളിയുടെ മേളപ്പെരുക്കങ്ങളെ കാതോര്‍ത്തും ആട്ടച്ചമയങ്ങളില്‍ മിഴിനട്ടുമായിരുന്നു. കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം കുട്ടന്‍ തുടങ്ങിയ മഹാരഥന്മാരുടെ കീഴില്‍ കഥകളി അഭ്യസിച്ചതിനുശേഷം കലാമണ്ഡലം ജനാര്‍ദനില്‍ നിന്നു ചുട്ടിയും സ്വായത്തമാക്കിയ സതി വര്‍മ മികച്ച കലാസ്വാദകനും കൊച്ചി രാജകുടുംബാംഗവുമായ കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ പ്രിയപത്‌നിയായി കലയുടേയും കഥകളിയുടേയും നഗരമായ തൃപ്പൂണിത്തുറയിലേക്ക് എത്തിയതോടെയാണ് ജന്മനിയോഗം മാറ്റി വരക്കപ്പെട്ടത്. പുരുഷന്മാരുടെ ആധിപത്യത്തിലാണ്ടു കിടന്നിരുന്ന കഥകളി അരങ്ങ് അന്നും വനിതകള്‍ക്ക് ഒരു ബാലി കേറാമലയായിരുന്നു. ഇതി തിരുത്തിക്കുറിച്ചുകൊണ്ടാണ് സതിവര്‍മ്മയുടെ കഠിനവും നിരന്തരവുമായ പ്രയത്‌നത്താല്‍ എണ്‍പതുകളില്‍ രാധികാവര്‍മ്മയുടെ നേതൃത്വത്തില്‍ ഒരുസംഘം വനിതകളെ അരങ്ങിലേത്തിക്കുന്നത്. കേരളത്തിലെ കഥകളി മേന്മയെ വനിതാസംഘത്തിലേക്ക് വഴിതിരിച്ചുവിട്ട ധീരമായ നടപടിയായിരുന്നു അത്. തുടര്‍ന്നു വന്ന രണ്ടു പതിറ്റാണ്ടിലേറെക്കാലം വനിതാ കഥകളിയെ നയിക്കാന്‍ സാരഥിയായി സതി വര്‍മ കലാലോകത്തുണ്ടായിരുന്നു. ആട്ടം കണ്ടുകൊതി തീരും മുമ്പ് കഴിഞ്ഞ വര്‍ഷം വിധി അപ്രതീക്ഷിതമായി മടക്കിവിളിച്ചപ്പോള്‍ അരങ്ങിലെ അണയാത്ത ദീപത്തിലേക്ക് ഇനിയും ഇമകള്‍ പായിക്കാന്‍ തന്റെ നേത്രം ദാനം ചെയ്ത് സഹജീവി സ്‌നേഹത്തിനും മാതൃകയാവാന്‍ പ്രിയ സതി അമ്മായിക്കായി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)