എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും, ശാഖയില്‍ ചേര്‍ന്നു കാണും, നിക്കറെടുത്തിട്ടു കാണും; ആര്‍എസ്എസിനെ പരിഹസിച്ച് കെആര്‍ മീര

rss attack, poet kureepuzha sreekumar, kr meera, kr meera s poem, fb post
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തെ അപലപിച്ച് എഴുത്തുകാരി കെആര്‍ മീര. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ തന്റെ കവിത കൊണ്ടാണ് കെആര്‍ മീര പ്രതിഷേധം അറിയിച്ചിരിക്കുന്നത്. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നയാളല്ല കുരീപ്പുഴയെന്നും ഇതൊന്നും കണ്ട് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും മീര പറയുന്നു. കെആര്‍ മീരയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ്: എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും. പേടി കൊണ്ടു നാവു വരണ്ടു കാണും. ശരീരം കിടുകിടാ വിറച്ചു കാണും. കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും. ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും. ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും. ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും. രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും. ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും. മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും. ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും. ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും. ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും. ശാഖയില്‍ ചേര്‍ന്നു കാണും. നിക്കറെടുത്തിട്ടു കാണും. ചുവന്ന കുറി തൊട്ടു കാണും. ഓറഞ്ച് ചരടു കെട്ടിക്കാണും. എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും. നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും. 'പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍ പാലവും കേളനും' പാടേ കുലുങ്ങിക്കാണും ! ഇതിനിടെ, കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ഏഴ് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പോലീസിന്റെ അടിയന്തര നടപടി. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന് കൊല്ലം റൂറല്‍ എസ്പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലാ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരീപ്പുഴയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. താന്‍ സഞ്ചരിക്കുകയായിരുന്ന കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കുരീപ്പുഴ പറഞ്ഞു. ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)