ബാബു ഭരദ്വാജ്; എഴുത്തിലും മാധ്യമരംഗത്തും തിളങ്ങിയ വ്യക്തിത്വം

mohanlal, sankar, movie
കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ഡയാലിസിസ് ചെയ്യാനായി ആശുപത്രിയിലെത്തിച്ചപ്പോള്‍ രാത്രി ഒന്‍പതേകാലോടുകൂടിയാണ് അന്ത്യം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിനും ഏറെ നാളായി ചികില്‍സയിലായിരുന്നു. എഴുത്തിലും മാധ്യമരംഗത്തും സ്വയം വെട്ടിത്തെളിച്ച വഴിത്താരയിലൂടെയായിരുന്നു ബാബു ഭരദ്വാജിന്റെ യാത്ര. തന്നെ അടയാളപ്പെടുത്തിയ മേഖലകളിലെല്ലാം ലാളിത്യമാര്‍ന്ന ഒരു വേറിട്ട ശബ്ദമായി ബാബു ഭരദ്വാജ് നിറഞ്ഞുനിന്നു. ശവഘോഷയാത്ര, പഞ്ചകല്യാണി, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പപ്പറ്റ് തിയേറ്റര്‍ തുടങ്ങിയ കൃതികളുടെ രചയിതാവായ ബാബു ഭരദ്വാജ് മലയാളത്തിലെ പ്രവാസി എഴുത്തുകളിലൂടെയും ശ്രദ്ധ നേടി. 2006ല്‍ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2001ല്‍ അബൂദാബി ശക്തി അവാര്‍ഡും യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരവും നേടി. എസ്എഫ്‌ഐയുടെ രൂപീകരണകാലംതൊട്ട് സംഘടനയിലും പിന്നീട് സിപിഎമ്മിലും നേതൃപരമായ പങ്കുവഹിച്ചിരുന്നു ബാബു. തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐയുടെ ദേശീയ വൈസ് പ്രസിഡന്റായി. എന്‍ജിനീയറിങ് പഠനത്തിനുശേഷം ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഔദ്യോഗിജീവിതം. ജോലി ഉപേക്ഷിച്ച് ഗള്‍ഫില്‍ പോയ ബാബു മടങ്ങിവന്നത് ചലച്ചിത്രനിര്‍മാതാവിന്റെ കുപ്പായമിട്ടായിരുന്നു. ചിന്തരവി സംവിധാനം ചെയ്ത 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന സിനിമയുടെ നിര്‍മാണം ഏറ്റെടുത്തെങ്കിലും സിനിമ സാമ്പത്തികമായി വിജയിച്ചില്ല. പിന്നീട് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന സിനിമയിലെ 'മുണ്ടകപ്പാടത്തെ നാടന്‍ കുഞ്ഞേ...' എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.അതോടെ കോഴിക്കോട്ടെ സിപിഎം നേതാക്കള്‍ രൂപീകരിച്ച പ്രിന്റിങ് സഹകരണസംഘത്തിന്റെ ചുമതലക്കാരനായി. ഒപ്പം മാധ്യമരംഗത്തും സാഹിത്യരചനയിലും മുഴുകി. 'ചിന്ത'യിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്‌മെന്റിലും പ്രവര്‍ത്തിച്ചു. ചിന്ത വീക്കിലി എഡിറ്റര്‍ കൈരളി ചാനലിന്റെ ക്രിയേറ്റിവ് എക്‌സിക്യൂട്ടിവ് ആയും മീഡിയവണ്‍ ചാനലിന്റെ പ്രോഗ്രാം മേധാവിയായും സേവനമനുഷ്ഠിച്ചു. നിലവില്‍ ഡൂള്‍ ന്യൂസ് ചീഫ് എഡിറ്ററായിരുന്നു. പ്രവാസിയുടെ കുറിപ്പുകള്‍, ആനമയില്‍ ഒട്ടകം, കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, ഗണപതിചെട്ട്യാരുടെ മരണം ഒരു വിയോജനക്കുറിപ്പ് തുടങ്ങിയവ പ്രശസ്തമായ കൃതികള്‍. ഇഎംഎസ്, പി കൃഷ്ണപിള്ള, വിഎസ് അച്യുതാനന്ദന്‍ എന്നിവരുടെ ജീവിതരേഖയുടെ താരതമ്യപഠനമായ മൂന്ന് കമ്യൂണിസ്റ്റ് ജീവിതങ്ങള്‍ ഒരു പുനര്‍വായന എന്ന ഗ്രന്ഥവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1948ല്‍ തൃശൂര്‍ ജില്ലയിലെ മതിലകത്ത് എംആര്‍. വിജയരാഘവന്റെയും കെപി. ഭവാനിയുടെയും മകനായി ജനിച്ചു. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, തൃശൂര്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. എന്‍ജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം എസ്എഫ്‌ഐയുടെ ആദ്യത്തെ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയാണ്. ഭാര്യ: പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)