മതഭ്രാന്തന്മാര്‍ക്കെതിരെ ഒരു മതബ്രാന്‍ഡ്!

- ഫേവര്‍ ഫ്രാന്‍സിസ്‌ മാധ്യമ ഗവേഷകരെ ഞെട്ടിച്ച രണ്ടു തിരിച്ചു വരവുകള്‍ക്കാണ് ഈ നൂറ്റാണ്ടില്‍ കേരളം സാക്ഷിയായത്. ഒന്നാമത്തേതിന് പുറകില്‍ ചുരുക്കം കാലം കൊണ്ട് കേരളത്തിലെ ആസ്ഥാന കലയായ മിമിക്രി ആയിരുന്നു എങ്കില്‍ രണ്ടാമത്തെ തിരിച്ചു വരവിന് പ്രേരണയായിത്തീര്‍ന്നത് കുറെ കാലമായി ഇന്ത്യയില്‍ തല ഉയര്‍ത്താന്‍ ശ്രമിക്കുകയും അടുത്ത കാലത്ത് ഒരു അനുകൂല സാഹചര്യം വന്നപ്പോള്‍ പത്തി വിരിച്ചാടാനും തുടങ്ങിയ അസഹിഷ്ണുതക്കെതിരെയുള്ള ചില വേറിട്ട ശബ്ദങ്ങളാണ്. രണ്ടാമത് പറഞ്ഞത് മറ്റാരെക്കുറിച്ചുമല്ല. കടലാസില്‍ ജനിച്ചു സോഷ്യല്‍ മീഡിയയില്‍ക്കൂടി പുനരവതരിച്ചു ഇപ്പോള്‍ മറ്റു മതങ്ങളെപ്പോലെത്തന്നെ തെരുവിലേക്കിറങ്ങിയ ഡിങ്കമതത്തിന്റെ ഏക ദൈവം സാക്ഷാല്‍ ശ്രീമാന്‍ (അതോ ശ്രീമതിയോ) ഡിങ്കനെക്കുറിച്ചാണ്. (ഒന്നാമത്തേത് എന്താണെന്ന് സ്വയം ആലോചിച്ചു കണ്ടു പിടിക്കാന്‍ ശ്രമിക്കുക, പിടികിട്ടുന്നില്ലെങ്കില്‍ ഈ കോളത്തിന്റെ വാല്‍ക്കഷണം വായിക്കുക!) മതത്തിന്റെ പേരില്‍ ഏറ്റവും വാശിയേറിയതും രസകരവുമായ വാദപ്രതിവാദങ്ങള്‍ അരങ്ങേറുന്ന മാധ്യമമാണ് സോഷ്യല്‍ മീഡിയ. ആരോഗ്യകരമായ സംവാദങ്ങളെക്കാള്‍ തങ്ങള്‍ (മറ്റേ 'തങ്ങള്‍' അല്ല) വിശ്വസിക്കുന്ന മതമാണ് ഏറ്റവും മികച്ചതെന്നു വാദിച്ചു എല്ലാവരും ഒരു പോലെ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്ന ഗ്രൂപ്പുകള്‍ ആണ് സോഷ്യല്‍ മീഡിയയെ മതഭ്രാന്തന്‍മാരുടെ മേളയാക്കി മാറ്റുന്നത്. dinkan3 ഓരോ മതവും ഓരോ മികച്ച ബ്രാന്‍ഡുകള്‍ ആയി നമ്മുടെ മുന്നില്‍ അവതരിക്കുകയും അവരുടെ അനുഗ്രഹങ്ങളും അനുഗ്രഹം നേടാന്‍ വേണ്ട ഉത്പന്നങ്ങളും പാക്കേജുകളും ഏറ്റവും ഭംഗിയായി തങ്ങളുടെ ഭക്തരുടെ ചെലവില്‍ ലോകം മുഴുവന്‍ വീശി വിതറുന്നിടത്താണ് ഇത്തരം അന്ധവിശ്വാസങ്ങളെ സരസമായി പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുനരവതരിച്ച ഡിങ്കന്‍ എന്ന ബ്രാന്‍ഡിന്റെ അനന്തസാധ്യതകള്‍ വെളിവാകുന്നത്. 1983 ല്‍ മംഗളം ഗ്രൂപ്പിന്റെ ബാലമംഗളം എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട ഡിങ്കന്‍ എന്ന ശക്തരില്‍ ശക്തന്‍ വളരെ പെട്ടെന്ന് തന്നെ കുട്ടികളുടെ പ്രിയതോഴനായി മാറുകയായിരുന്നു. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ അനേകം സാധ്യതകള്‍ ഉണ്ടായിരുന്നിട്ടു കൂടി മായാവിയും ലുട്ടാപ്പിയും പോലുള്ള ന്യൂ ജനറേഷന്‍ സൂപ്പര്‍ ഹീറോകളുടെ കടന്നു വരവോടെ തന്റെ മുന്‍ഗാമിയായിരുന്ന കപീഷിനെപ്പോലെ ഡിങ്കനും വിസ്മൃതിയിലായി. dinkan-1 എന്നാല്‍ എന്തുകൊണ്ടും ഡിങ്കന്‍ എന്ന ബ്രാന്‍ഡിന്റെ ജനനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം ആണ് ഇപ്പോള്‍ നിലവിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ വളരെ വൈറല്‍ ആയ ഡിങ്കസൂക്തങ്ങളും മറ്റു മതങ്ങളുടെ അന്ധവിശ്വാസങ്ങളെ ചെവിക്കു പിടിച്ചു തുറന്നു കാണിക്കുന്ന ട്രോളുകളുമായി കുട്ടികളില്‍ നിന്നും മുതിര്‍ന്നവരിലേക്ക് ഡിങ്കന്‍ തന്റെ കസ്റ്റമര്‍ ബേസ് വളര്‍ത്തിയെടുത്ത് കഴിഞ്ഞു. ലോകത്തിലെ തന്നെ കോമിക് മതങ്ങളുടെ നിരയില്‍ ഡിങ്കമതത്തിന്റെ സാന്നിദ്ധ്യം ഇനി അവഗണിക്കാനാകുന്നതല്ല. ഡിങ്കോയിസം എന്ന പേരില്‍ വിദേശങ്ങളില്‍ പോലും രസകരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഡിങ്കന് കഴിഞ്ഞു. ലോകമെമ്പാടുമുള്ള ഡിങ്കമതവിശ്വാസികളുടെ കാതിനു കുളിര്‍മയേകുന്ന ഒരു വാര്‍ത്ത ഈ ആഴ്ച പുറത്തുവന്നു കഴിഞ്ഞു. അനുദിനം വര്‍ദ്ധിച്ചു വരുന്ന ആരാധക ബാഹുല്യം കണക്കിലെടുത്ത് ഡിങ്കനെ തിരിച്ചെത്തിക്കാന്‍ മംഗളം തീരുമാനമെടുത്തു കഴിഞ്ഞു. 2012 ല്‍ സീന്‍ വിട്ട ഡിങ്കന്‍ പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചു പുതിയ അത്ഭുതങ്ങളുമായി അടുത്ത ലക്കം മുതല്‍ നമ്മുടെ കൈകളില്‍ എത്തുമെന്ന് മംഗളം ഉറപ്പു നല്‍കുന്നു. എന്നാല്‍ ഡിങ്കന്‍ എന്ന അനന്തസാധ്യതയുള്ള ബ്രാന്‍ഡിനെ വെറുമൊരു കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഒതുക്കി നിറുത്താതിരിക്കുകയും ഡിങ്കന്‍ പ്രതിമകള്‍, ഡിങ്കന്‍ കലണ്ടര്‍, ഡിങ്കന്‍ കീ ചെയിനുകള്‍, ഡിങ്കന്‍ ലോക്കറ്റുകള്‍, ഡിങ്കന്‍ ചായക്കപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുകയും ചെയ്താല്‍ കേരളം ആദ്യമായി ഒരു മതബ്രാന്‍ഡിന്റെ പിറവിക്ക് സാക്ഷ്യം വഹിക്കും. dinkan2 കേള്‍ക്കുമ്പോള്‍ വിചിത്രം എന്ന് തോന്നാമെങ്കിലും വാങ്ങിക്കുന്നതെന്തും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു ലൈക് കാത്തിരിക്കുന്ന ഒരു തലമുറ ഉള്ളപ്പോള്‍ ഡിങ്കമത വിശ്വാസികള്‍ മാത്രമല്ല മറ്റു മതങ്ങളിലെ കടുത്ത ഭക്തര്‍ പോലും 'കീപ് കാം ആന്‍ഡ് ബിലീവ് ഇന്‍ ഡിങ്കന്‍' എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ടു സെല്‍ഫി എടുത്തിരിക്കും എന്ന് ഉറപ്പാണ്. തങ്ങളുടെ കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഡിങ്കന്‍ പ്രതിമകള്‍ സ്ഥാപിച്ചും ഫ്രന്റ് മിററില്‍ പറക്കും ഡിങ്കനെ തൂക്കിയിട്ടും ഫോട്ടോകള്‍ എടുത്തു അവര്‍ തങ്ങളുടെ ടൈം ലൈന്‍ നിറയ്ക്കും. രാവിലെ തന്നെ ഗുഡ് മോര്‍ണിംഗ് ഹാവിംഗ് കോഫീ വിത്ത് ഡിങ്കന്‍ എന്നെഴുതി ഡിങ്കന്‍ കപ്പില്‍ കാപ്പി കുടിക്കുന്നത് ഡിങ്കമതവിശ്വാസികളുടെ ശീലമാകും. ഇതിലൊന്നും തീരുന്നതല്ല ഡിങ്കന്റെ വിപണന സാധ്യതകള്‍. പൊതുവെ ശാന്തശീലരും സോഷ്യല്‍ മീഡിയ വാസികളും ആയ ഡിങ്കമതസ്ഥരെ പ്രകോപ്പിച്ചു തെരുവിലിറക്കിയ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപ് ചിത്രത്തിന് പിന്നാലെ ഒറിജിനല്‍ ഡിങ്കന്‍ചിത്രം എന്ന ലേബലില്‍ ഡിങ്കന്‍ റിട്ടേണ്‍സ് എന്നൊരു ബ്രഹ്മാണ്ഡ പടം ഇറക്കുകയും അതിന്റെ ചുവടു പിടിച്ചു ഡിങ്കന്‍ ബ്രാന്‍ഡ് ജെട്ടികള്‍ പോലും ഇവിടെ വിറ്റഴിക്കാം. ജട്ടിയുടെ ഇലാസ്റ്റിക്കില്‍ ഡിങ്കന്‍ എന്നെഴുതിയതും കാണിച്ചു ഡിങ്കമതവിശ്വാസികള്‍ തങ്ങളുടെ പൃഷ്ടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് മറ്റു മതവിശ്വാസികളെ പ്രകോപിപ്പിച്ചേക്കാം. എന്നാല്‍ മുണ്ടും കോണകവും ഇല്ലാതെ വിലസുന്ന സന്യാസിമാരും പാലും തേനുമൊക്കെ ഒക്കെ പാക്കറ്റിലാക്കി വില്‍ക്കുന്ന ആത്മീയാചാര്യന്മാരും വിലസുന്ന ഈ കാലത്ത് കിടക്കട്ടെ ഒരല്‍പം മതബ്രാന്‍ഡ്, നല്ല ഒന്നാംതരം 916 നാടന്‍ ദൈവം ഡിങ്കനോടൊപ്പം! വാല്‍ക്കഷണം ഇനി ആദ്യം സൂചിപ്പിച്ച ഒന്നാം തിരിച്ചു വരവിന്റെ കാര്യം. അത് നിങ്ങള്‍ ശരിയായി ഊഹിച്ചെടുത്ത പോലെ തന്റെ മരണശേഷം കാക്കത്തൊള്ളായിരം മിമിക്രി കലാകരന്മാരിലൂടെ വീണ്ടും മലയാളിയുടെ മനസ്സില്‍ തിരിച്ചെത്തിയ നടന്‍ ജയന്റേതാണ്. രണ്ടാം വരവില്‍ ഒരല്‍പ്പം കോമാളിവല്‍കരിക്കപ്പെട്ടെങ്കിലും ഇത് പോലെ ഒരു തിരിച്ചു വരവ് ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ആദ്യത്തേതായിരിക്കും. Favour Francis favourfrancis@gmail.com 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)