കൊതിയൂറും രാമശ്ശേരി ഇഡ്ഡലി ഇനി തിരുവനന്തപുരത്തും; മസ്‌കറ്റ് ഹോട്ടലില്‍ ഫെസ്റ്റ്

online sex racket, crime,
തിരുവനന്തപുരം: ഇഡ്ഡലി രുചിക്കാന്‍ രാമശ്ശേരി വരെ പോകേണ്ട. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന ഗാര്‍ഡന്‍ റസ്റ്ററന്റില്‍ രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിനു തുടക്കമായി. വേറിട്ട രുചിയുമായി പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് സെപ്റ്റബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെയാണ്. മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന ഗാര്‍ഡന്‍ റസ്റ്ററന്റില്‍ എത്തിയാല്‍ മനസ്സും വയറും നിറഞ്ഞ് ഇഡ്ഡലി കഴിക്കാം. കീശ കാലിയാകുമെന്ന ആശങ്കയും വേണ്ട. സാധാരണക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ന്യായവിലയില്‍ രൂചിയൂറും ഇഡ്ഡലി കഴിച്ച് മടങ്ങാം. വൈകുന്നേരം 5 മണിമുതല്‍ 11 മണി വരെയാണ് ഫെസ്റ്റിന്റെ സമയം. സായാഹ്നയിലെ പതിവ് റസ്റ്റോറന്റും പ്രവര്‍ത്തിക്കും. മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാല്‍ രാമശ്ശേരി ഇഡ്ഡലി. പൂപോലെ മൃദുലമായ ഇഡ്ഡലിക്കൊപ്പം നല്ല ഒന്നാന്തരം എരിവുള്ള ചമ്മന്തിപ്പൊടിയും ഉണ്ടെങ്കില്‍ കുശാലായി. കുരുമുളക്, ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയാണ് കൂട്ട് എങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒരിക്കല്‍ രുചി അറിഞ്ഞവര്‍ പാലക്കാട്ടേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ രാമശ്ശേരിലേക്കു പോകാമെന്ന് മനസ്സ് മന്ത്രിക്കും. അത്രക്കും സ്വാദാണ്. ഇഡ്ഡലികളില്‍ത്തന്നെ സ്‌പെഷ്യല്‍ ഐറ്റമായ രാമശ്ശേരി ഇഡ്ഡലി കേരളത്തിലെ പലഹാരങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ഒന്നാണ്. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം. എലപ്പുള്ളി, കുന്നാച്ചി-പുതുശ്ശേരി റോഡില്‍ രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ വിഭവത്തിന്റെ പെരുമയ്ക്കും രുചിക്കും പിന്നില്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍. ഉപജീവനത്തിനായി അവര്‍ തുടങ്ങിയ ഇഡ്ഡലി നിര്‍മ്മാണം രുചിയുടെ മേന്മ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. രാമശ്ശേരിക്കാര്‍ ഇഡ്ഡലിച്ചെമ്പില്‍ അല്ല ഇഡ്ഡലി പാകപ്പെടുത്തുന്നത്. മറിച്ച് മണ്‍കലത്തിന്റെ കഴുത്തു മാത്രമെടുത്ത് അതില്‍ നൈലോണ്‍ നൂല്‍ വല പോലെ പാകി കെട്ടി തട്ടുണ്ടാക്കി അതിനു മുകളില്‍ വെളുത്ത തുണിക്കഷ്ണം നനച്ച് വിരിച്ച് അതില്‍ മാവ് കോരിയൊഴിച്ചാണ് ഇഡ്ഡലി പാകപ്പെടുത്തുന്നത്. മൃദുവായതും ദോശപോലെ പരന്നതുമാണ് ഈ ഇഡ്ഡലി. ഇഡ്ഡലിയുണ്ടാക്കാന്‍ പൊന്നി അരി മാത്രമാണ് ഉപയോഗിക്കുക. സാധാരണ ഇഡ്ഡലി പോലെ ഇതു വൈകുന്നേരമാകുമ്പോഴേക്കും ചീത്തയാകില്ല. 24 മണിക്കൂര്‍ വരെ ഒരു കേടുപാടും രുചിവ്യത്യാസവുമില്ലാതെയിരിക്കും. ചേരുവകള്‍ക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നാണു രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ച് പലരും പറയുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)