ദുബായ്: അമേരിക്കയ്ക്ക് പിന്നാലെ പ്രമുഖ ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുന്നു. ഹ്രസ്വകാല നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശനിരക്ക് കുറയ്ക്കുന്നത് ബാധകമായിരിക്കും. ഇതോടെ ഗൾഫിൽ നിന്നും വായ്പയെടുക്കുന്നവരുടെ പലിശനിരക്ക് വീണ്ടും കുറയും.
പലിശനിരക്കുകൾ കുറയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ഏറ്റുപിടിച്ചാണ് യുഎഇ, സൗദി, ബഹ്റൈൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ തീരുമാനമായി രംഗത്തെത്തിയിരിക്കുന്നത്. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം ആദ്യമായാണ് യുഎസ് സെൻട്രൽ ബാങ്ക് നിരക്കിൽ 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) കുറച്ചത്.
ഓഗസ്റ്റ് ഒന്നുമുതൽ യുഎഇയിലും ഈ വ്യത്യാസം പ്രാബല്യത്തിൽ വന്നതായി യുഎ ഇ സെൻട്രൽ ബാങ്ക് അറിയിച്ചു. സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്കുകളും സമാന നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്. വായ്പകൾക്കുള്ള റിപ്പോ നിരക്ക് മുന്നൂറ് പോയിന്റിൽനിന്ന് 275 പോയിന്റായി കുറച്ചുവെന്നാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി അറിയിച്ചത്. നിക്ഷേപങ്ങൾക്കുള്ള ബേസിസ് പോയിന്റ് 225 ആയും നിജപ്പെടുത്തിയിട്ടുണ്ട്.
ബഹ്റൈൻ സെൻട്രൽ ബാങ്ക് പ്രതിവാര നിക്ഷേപങ്ങൾക്കുള്ള പലിശ 2.75 ശതമാനത്തിൽനിന്ന് രണ്ടരശതമാനമായും പ്രതിദിന പലിശ 2.5 ശതമാനത്തിൽനിന്ന് 2.25 ശതമാനമായും കുറച്ചു. വായ്പാ പലിശനിരക്ക് നാലരശതമാനത്തിൽനിന്ന് 4.25 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
യുഎഇ ബാങ്കുകളിൽ പൊതുവേ നിക്ഷേപങ്ങൾക്ക് പലിശ കുറവാണ്. പലിശരഹിത ഇസ്ലാമിക് ബാങ്കിങ് സംവിധാനവും ഇവിടെ ശക്തമാണ്.
Discussion about this post