ഷാര്‍ജ: ‘മൂന്ന് മാസമായി ജോലിയും കൂലിയും ഇല്ല, നേരാവണ്ണം ആഹാരം പോലും ലഭിക്കുന്നില്ല’ ദുബായിയില്‍ ദുരിത ജീവിതം നയിക്കുന്ന രണ്ട് മലയാളികളുടെ വാക്കുകളാണ് ഇത്. എങ്ങനെയെങ്കിലും നാട്ടില്‍ എത്തിക്കൂ എന്നാണ് ഇവരുടെ ഏക അപേക്ഷ. തലശ്ശേരി ധര്‍മ്മടത്തെ മഹേഷ്, കൊല്ലം കടയ്ക്കല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് ദുരിത ജീവിതം നയിക്കുന്നത്.
ദുബായ് ആസ്ഥാനമായി നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ സ്വദേശികളുടെ കമ്പനിയിലെ പെയിന്റിങ് തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ മേയില്‍ ഇരുവരുടേയും വിസ കാലാവധിയും കഴിഞ്ഞിരുന്നു. കമ്പനിയില്‍ രണ്ടുവര്‍ഷത്തിലധികമായി ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും ശമ്പള കുടിശ്ശിക വന്നപ്പോള്‍ മുതലാണ് ജീവിതം ദുരിത പൂര്‍ണ്ണമായത്.
ശമ്പളത്തിനായി കമ്പനി അധികൃതരുടെ മുന്നില്‍ പോകുമ്പോള്‍ ജോലി കുറവാണെന്നും ആറുമാസം വരെ റൂമില്‍ ഇരിക്കേണ്ടിവരും എന്നും അധികൃതര്‍ പറഞ്ഞതായി മഹേഷ് വ്യക്തമാക്കി. എങ്കില്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടണമെന്ന് അപേക്ഷിച്ചു, എന്നാല്‍ അതിനും കമ്പനി തയ്യാറായില്ലെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് ഇവര്‍ ദുബായ് തൊഴില്‍ വകുപ്പിനെ സമീപിച്ചത്.
കമ്പനിയില്‍ കൂടുതലും വടക്കേ ഇന്ത്യക്കാരാണെന്ന് മഹേഷ് പറയുന്നു. അതോടെ മൂന്നുമാസമായി ജോലിയും കൂലിയും ഇല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമപ്രകാരം രാജ്യത്ത് തങ്ങാന്‍ വിസയുടെ കാലാവധിയും കഴിഞ്ഞു. ഇപ്പോള്‍ കൂടെയുണ്ടായിരുന്നവരാണ് ഇടയ്‌ക്കെല്ലാം ഭക്ഷണമെത്തിക്കുന്നതെങ്കിലും പലപ്പോഴും പട്ടിണിയിലാവുകയാണെന്ന് ഷാജഹാനും മഹേഷും പറയുന്നു. നാട്ടിലുള്ള കുടുംബവും ഇരുവരേയും ആശ്രയിച്ചാണ് കഴിയുന്നത്. ഇതോടെ കുടുംബവും ദുരിതത്തിലാണെന്നും തങ്ങള്‍ക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നും ഇവര്‍ നിറകണ്ണുകളോടെ പറയുന്നു.
Discussion about this post