അബുദാബി: സന്ദർശക വിസയിൽ യുഎഇയിലെത്തിയ യുവാവിനെ മസാജ് ഓഫർ ചെയ്ത് താമസ സ്ഥലത്തെത്തിച്ച് കൊള്ളയടിച്ച കേസിൽ പ്രതിയായ യുവതിക്ക് ആറുമാസം തടവിന് ശിക്ഷിച്ചു. ഉഗാണ്ടൻ വനിതയ്ക്കാണ് തടവുശിക്ഷ ലഭിച്ചത്. മോഷണം, വേശ്യാവൃത്തി എന്നീ വകുപ്പുകളാണ് യുവതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തും. ഈ സ്ത്രീയും കൂട്ടാളികളായ മറ്റ് മൂന്ന് സ്ത്രീകളും ചേർന്നാണ് യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഫ്‌ളാറ്റിലെത്തിച്ച് കൊള്ളയടിച്ചത്. നാഇഫിലായിരുന്നു സംഭവം. 26കാരനാണ് കവർച്ചയ്ക്കിരയായ യുവാവ്. 10 ദിർഹത്തിന് മസാജ് ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് ഫ്‌ളാറ്റിലെത്തിച്ച യുവാവിൽ നിന്നും യുവതിയും സംഘവും 32,000 ദിർഹം തട്ടിയെടുക്കുകയായിരുന്നു.
അതേസമയം, തടവ് ശിക്ഷയ്ക്ക് പുറമെ വിവാഹേതര ലൈംഗിക ബന്ധത്തിൽ എർപ്പെട്ടതിന് ഇരുവർക്കുമെതിരെ നടപടി തുടരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നതിനായാണ് യുവാവ് നാഇഫിലെത്തിയത്. സാധനങ്ങൾ ലഭിക്കാൻ രണ്ട് മണിക്കൂർ കാത്തിരിക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ കടയുടെ പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന യുവാവിനെ യുവതി സമീപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും യുവതിയുടെ ഫ്‌ളാറ്റിലേക്ക് പോയി. 10 ദിർഹത്തിന് മസാജ് ചെയ്തുതരാം എന്നായിരുന്നു വാഗ്ദാനം.
ഫ്‌ളാറ്റിലെത്തിയ യുവാവിനെ യുവതികൾ ചേർന്ന് കൊള്ളയടിക്കുകയായിരുന്നുവെന്നാണ് മൊഴി. യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികളെ പരാതിക്കാരൻ പിന്തുടരുകയും നാട്ടുകാരുടെ സഹായത്തോടെ യുവതികളിൽ ഒരാളെ കീഴടക്കുകയുമായിരുന്നു. കൊള്ളയടിച്ച പണം ഇവർ മറ്റൊരു പുരുഷന് കൈമാറിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അയാളെ പിടികൂടുകയും പണം പിടിച്ചെടുക്കുകയും ചെയ്തു.
ഈ യുവതികൾ താമസിച്ചിരുന്ന ഒറ്റമുറി ഫ്‌ളാറ്റ് കർട്ടനിട്ട് മൂന്നായി തിരിച്ച് വേശ്യാവൃത്തി നടത്തുകയായിരുന്നെന്നാണ് വിവരം.
Discussion about this post