ദുബായ്: വീണ്ടും ദുബായിയിലെ ഭാഗ്യദേവത ഇന്ത്യക്കാരെ തുണച്ചു. ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഇത്തവണ ഒന്നാം സമ്മാനം. ഏഴു കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍)യാണ് രണ്ടുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് ലഭിച്ചത്. ദുബായിയില്‍ വസ്ത്ര വ്യാപാരിയായ മുംബൈ സ്വദേശിനി ജയ ഗുപ്ത, രവി റാംചന്ദ് ബചാനി എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്. ഇതേ നറുക്കെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരന് മെഴ്‌സിഡസ് ബെന്‍സും സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ 35 വര്‍ഷമായി ദുബായിയില്‍ താമസിക്കുന്ന വ്യക്തിയാണ് 71കാരിയായ ജയ ഗുപ്ത. കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി എല്ലാവര്‍ഷവും നിരവധി തവണ ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ജയ ദുബായിയില്‍ ബിസിനസുകാരിയാണ്. ദൈവത്തിന്റെയും സ്വന്തം മാതാവിന്റെയും അനുഗ്രഹമാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് ജയ പറയുന്നു.
മുംബൈയിലുള്ള അമ്മ ലക്ഷ്മി ഹരിഹരനെ കാണാന്‍ തിരിക്കുമ്പോഴാണ് ഇത്തവണ ടിക്കറ്റെടുത്തത്. എല്ലാ വര്‍ഷവും ആറ് തവണയെങ്കിലും താന്‍ ഇന്ത്യയിലെത്താറുണ്ടെന്നും അപ്പോഴെല്ലാം ടിക്കറ്റെടുക്കാറുണ്ടെന്നും ജയ പറയുന്നു. എല്ലാത്തവണയും സെയില്‍സ് ഗേള്‍ വിജയം ആശംസിക്കാറുണ്ട്. ഇപ്രാവശ്യം അവരെടുത്തു തന്ന നമ്പരിനാണ് ഭാഗ്യം എത്തിയത്.
‘സമ്മാനത്തുക കൊണ്ട് കുറച്ച് കടങ്ങളുള്ളത് വീട്ടണം. ബിസിനസില്‍ നിക്ഷേപിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയും ചെയ്യണം. കൂടാതെ, ദത്തെടുത്ത രണ്ട് മക്കള്‍ക്ക് വീട് വാങ്ങിക്കുകയും വേണം’- ഭാവിയെ കുറിച്ച് ജയ പറയുന്നതിങ്ങനെ. സമ്മാനത്തുക പങ്കുവെച്ച 37 കാരനായ രവി റാംചന്ദ് ബചാനിയും ദുബായിയില്‍ ബിസിനസുകാരനാണ്. തനിക്ക് സമ്മാനം ലഭിച്ചെന്ന് ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ലെന്നാണ് ബചാനി പറയുന്നത്.