യുഎഇയില്‍ വില്ലകളില്‍ വന്‍ തീപിടിത്തം; 66 പേരെ ഒഴിപ്പിച്ചു

തീപിടിത്തത്തില്‍ വില്ലകളില്‍ ഉണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍, പണം, ആഭരണങ്ങള്‍, വാച്ചുകള്‍, കമ്പ്യൂട്ടറുകള്‍, തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണ്ണമായും നശിച്ച് പോയതായി റാസ് അല്‍ ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു

ദുബായ്: റാസ് അല്‍ ഖൈമയില്‍ രണ്ട് റെസിഡന്‍ഷ്യല്‍ പരിസരത്തെ വില്ലകളില്‍ വന്‍ തീപിടിത്തം. ചൊവാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിപ്പത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് വില്ലകളിലെ 66 പേരെ ഒഴിപ്പിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തില്‍ വില്ലകളില്‍ ഉണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍, പണം, ആഭരണങ്ങള്‍, വാച്ചുകള്‍, കമ്പ്യൂട്ടറുകള്‍, തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണ്ണമായും നശിച്ച് പോയതായി റാസ് അല്‍ ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു.

ഉച്ചയ്ക്ക് 1.55ന് തീപിടിത്തത്തെക്കുറിച്ച് കേന്ദ്ര ഓപ്പറേഷന്‍ റൂമിന് മുന്നറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും മറ്റ് രക്ഷാപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നീണ്ട നേരത്തെ രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായെങ്കിലും വില്ലകളിലെ അഞ്ച് ബെഡ്‌റൂമുകളും മറ്റു ഭാഗങ്ങളും കത്തിനശിച്ചതായി ബ്രിഗ് അല്‍ സാബി പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Exit mobile version