വാഷിങ്ടന്‍: മൂന്ന് വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളിയായ വെസ്‌ലി മാത്യൂസിന് യുഎസില്‍ ജീവപര്യന്തം. വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. ഭാര്യ സിനി മാത്യൂസ് 15 മാസത്തെ തടവിനു ശേഷം പുറത്തിറങ്ങിയിരുന്നു. 2017 ഒക്ടോബറിലാണ് ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. കൊലപാതകം മറച്ചുവെച്ച് കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ദമ്പതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് ഇവരുടെ വീടിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനി മാത്യൂസും ബിഹാറില്‍ നിന്നാണ് ഷെറിന്‍ എന്ന കുഞ്ഞിനെ ദത്തെടുത്തത്. പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെടുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ടുള്ള പങ്ക് തെളിയിക്കാനാകാതെ വന്നതോടെ കേസില്‍ നിന്നും വളര്‍ത്തമ്മ സിനി മാത്യൂസ് രക്ഷപ്പെടുകയായിരുന്നു. കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്. കുട്ടിയില്‍ ചില മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതികള്‍ക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്.
മുമ്പ്, പാല്‍ കുടിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയാണ് ഷെറിന്‍ മരിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ സാധ്യതകള്‍ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെസ്‌ലി മാത്യുസിനേയും സിനിയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയ കുറ്റം. ദമ്പതികള്‍ക്ക് രണ്ട് വയസുള്ള ഒരു കുഞ്ഞു കൂടിയുണ്ട്.