അബുദാബി: മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ അബുദാബി പോലീസ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകളുമാണ് പിടിച്ചെടുത്തത്. അബുദാബി പോലീസിന്റെ തന്ത്രപരവും ആസൂത്രിതമായ നീക്കവുമാണ് വന്‍ മയക്കുമരുന്ന് വിതരണം നടത്തി വന്ന റാക്കറ്റിനെ വലയിലാക്കുവാന്‍ സാധിച്ചത്.
ഹെറോയിനും, മയക്കുമരുന്ന് ഗുളികകള്‍ക്കും പുറമെ ഖരരൂപത്തിലുള്ള മെതാംഫെറ്റമീനും പിടികൂടിയതായി അബുദാബി പോലീസ് കേണല്‍ താഹിര്‍ അല്‍ ദാഹിരി വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അബുദാബി പോലീസ് എമിറേറ്റില്‍ വ്യാപിച്ചുകിടന്ന പ്രധാന മയക്കുമരുന്ന് ശൃംഖലയെ പിടികൂടിയത്. വാഹന ഭാഗങ്ങളിലും മറ്റും ഒളിപ്പിച്ച നിലയിലാണ് കോടികള്‍ വിലവരുന്ന ഹെറോയിന്‍ കണ്ടെടുത്തത്.
കേസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 ഏഷ്യക്കാരെ പിടികൂടിയത്. പ്രതികളുടെ നീക്കം മാസങ്ങളായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ശേഷമാണ് വലവിരിച്ചത്. യുഎഇയിലെ യുവജനങ്ങളെ ലക്ഷ്യംവെച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം രാജ്യദോഹപരമായ കൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post