സൗദി വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; ഡ്രോണുകള്‍ തകര്‍ത്ത് പ്രതിരോധിച്ച് സൗദി സേന

ഡ്രോണുകളെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനം പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ചാണ് തകര്‍ത്തത്.

റിയാദ്: വീണ്ടും സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയോടെയാണ് അഞ്ചു ആളില്ലാ വിമാനങ്ങളായ ഡ്രോണുകള്‍ വിമാനത്താവളം ലക്ഷ്യമാക്കി എത്തിയത്. എന്നാല്‍ ഇവയെ തകര്‍ത്ത് പ്രതിരോധം തീര്‍ത്ത് സൗദി സേന കൂടുതല്‍ അനിഷ്ട സംഭവങ്ങളില്ലാതെ നോക്കി. ഡ്രോണുകളെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനം പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ചാണ് തകര്‍ത്തത്.

ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അബഹ വിമാനത്താവളത്തിനു പുറമെ ഖമിസ് മുസൈത്ത് നഗരത്തിലേക്കും ഡ്രോണുകള്‍ പറന്നെത്തിയിരുന്നു. സൗദി സൈന്യത്തിന്റെ പ്രധാന വ്യോമതാവളമാണ് ഖമിസ്. ഈ ആഴ്ചയില്‍ തന്നെ ഇതു രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു.

സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം. ഇറാന്‍ സഹായത്തോടെയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നാണ് സൗദിയുടെ ആരോപണം. റോയല്‍ സൗദി എയര്‍ ഡിഫന്‍സ് സേനയും വ്യോമസേനയും ചേര്‍ന്നാണ് ഹൂതികളുടെ വ്യോമാക്രമണങ്ങളെ നേരിടുന്നത്.

Exit mobile version