അബുദാബി: കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം നല്‍കേണ്ടതെന്ന് മനുഷ്യവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
പുറം ജോലി ചെയുന്നവര്‍ക്ക് പൊള്ളുന്ന ചൂടില്‍ നിന്ന് മോചനം നേടാന്‍ വേണ്ടിയാണ് ഉച്ചസമയങ്ങളില്‍ വിശ്രമം അനുവദിച്ചത്. നിയമപ്രകാരം പന്ത്രണ്ടര മുതല്‍ മൂന്ന് വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ പാടില്ല. ഇതര ഗള്‍ഫ് രാജ്യങ്ങളിലും ഉച്ചവിശ്രമം പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. വിശ്രമത്തിന്റെ സമയങ്ങളില്‍ മറ്റു സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം ഉണ്ട്. വിശ്രമിക്കാന്‍ അനുയോജ്യമായ സൗകര്യം ഒരുക്കുന്നതിന് പുറമെ തൊഴിലാളികള്‍ക്ക് കുടിക്കാന്‍ തണുത്തവെള്ളം ലഭ്യമാക്കണം.
ചൂടുകാലത്ത് രാവിലെയും വൈകീട്ടുമായി ജോലിസമയം പുനഃക്രമീകരിക്കാന്‍ അനുമതിയുണ്ടെങ്കിലും എട്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധിക സമയം ജോലി എടുപ്പിക്കുന്നുണ്ടെങ്കില്‍ അധികവേതനം നല്‍കണം. സൂര്യാഘാതമടക്കം വേനല്‍ക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍കരിക്കുകയും വേണം.
നിയമം ലംഘിച്ച് ജോലിചെയ്യിപ്പിക്കുന്ന കമ്പനി ഉടമയ്ക്ക് കനത്തപിഴ ചുമത്തും. ആളൊന്നിന് 5000 ദിര്‍ഹംവീതം പരമാവധി 50,000 ദിര്‍ഹം വരെയായിരിക്കും പിഴ. കമ്പനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തും. കമ്പനിയുടെ പ്രവര്‍ത്തനം താത്കാലികമായി തടയുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി
Discussion about this post