അബുദാബി: ദുബായിയെ നടുക്കിയ ബസ് അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും വലിയൊരു വാഹനാപകടം ദുബായില്‍ ഉണ്ടായിട്ടില്ല. ഒരാഴ്ചത്തെ അവധി നല്‍കിയ സന്തോഷവും പെരുന്നാളാഘോഷവുമെല്ലാം പാരമ്യത്തിലെത്തിനില്‍ക്കേ വ്യാഴാഴ്ച ഉണ്ടായ ബസ്സപകടത്തിന്റെ വാര്‍ത്ത ദുബായിയെ ഉലച്ചു.
അതിനിടെ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപെട്ട മലയാളി യുവാവ് നിധിന്‍ ലാല്‍ജി എന്ന ഇരുപത്തിയൊന്‍പതുകാരന് ഇനിയും ഞെട്ടല്‍ മാറിയിട്ടില്ല.
റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് താന്‍ ഉള്‍പ്പെട്ട ബസ് അപകടത്തില്‍പ്പെട്ടതെന്ന് നിധിന്‍ പറഞ്ഞു.
ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് ഇരുന്നത്. റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ റോഡിലെ ഹൈറ്റ് ബാരിയറില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ബസില്‍ നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും നിധിന്‍ പറഞ്ഞു.
അപകടത്തില്‍ നിധിന്റെ മുഖത്ത് പരിക്കേറ്റു. നിസാര പരിക്ക് മാത്രമാണിത്. എന്നാല്‍ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടു. ഒമാനില്‍ അവധി ആഘോഷത്തിനു ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു നിധിന്‍.
സംഭവത്തില്‍ എട്ട് മലയാളികള്‍ക്ക് ജീവന്‍ പൊലിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം നടന്നത്. മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഒമാനിലെ മസ്‌കറ്റില്‍ നിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം. രണ്ടു പാക് സ്വദേശികളും അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബസിന്റെ ഇടതുവശത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. 31 പേരാണു ആകെ ബസിലുണ്ടായിരുന്നത്.
Discussion about this post