ദുബായ്: ദുബായിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലെ റോഡപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ആറു മലയാളികളടക്കം 10 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ട് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
ഒമാനില്‍നിന്നു ദുബായിയിലേക്കു വന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടതെന്നു ദുബായ് പോലീസ് അറിയിച്ചു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായി തകര്‍ന്നു. പോലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണു ബസിലുണ്ടായിരുന്നതില്‍ ഏറെയുമെന്നു പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ നിന്നു ദുബായിയിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Discussion about this post