അബുദാബി: യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വീസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്ന് അദ്ദേഹം ഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട്ട് സ്വീകരിച്ചു.
ജനറല്‍ ഡയറക്ടഴ്‌സ് ഓഫ് റസിഡന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. സയീദ് അല്‍ ഷംസിയാണ് യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കിയത്. 100 ബില്യന്‍ നിക്ഷേപമുള്ള 6800 നിക്ഷേപകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ആജീവനാന്ത വീസയായ ഗോള്‍ഡ് കാര്‍ഡ് അനുവദിക്കുന്നത്.
അഞ്ച്, 10 വര്‍ഷത്തേയ്ക്കുള്ള ദീര്‍ഘകാല വീസയും അടുത്തിടെ യുഎഇ ആരംഭിക്കുകയും ഇന്ത്യന്‍ വ്യവസായികളായ വാസു ഷ്‌റോഫ്, ഖുഷി ഖത് വാനി, റിസ്വാന്‍ സാജന്‍, ഡോ.ആസാദ് മൂപ്പന്‍ എന്നിവര്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. 200ലേറെ രാജ്യക്കാരാണ് യുഎഇയിലുള്ളത്.
മേയ് 21നായിരുന്നു ഗോള്‍ഡ് കാര്‍ഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനായാണ് യുഎഇ സര്‍ക്കാര്‍ ദീര്‍ഘകാല, ഗോള്‍ഡ് കാര്‍ഡ് വീസാ അനുവദിച്ചത്.
മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിരുന്നു.