ദുബായ്: ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി ബൈക്ക് അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് യുവതിക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ ഒരു തെറ്റും ചെയ്തില്ലെന്ന് ആവര്‍ത്തിച്ചിട്ടും തകെളിവുകള് ഇല്ലാത്തതിനാല്‍ യുവതി കുടുങ്ങി. ശേഷം സിനിമയെ വെല്ലുന്ന കഥകളാണ് നടന്നത്.
നിസ്സഹായയായി ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടിവന്ന യുവതിക്ക് രക്ഷകനായി അവന് എത്തി. ഒടുവില്‍ തന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിക്കുകയും ചെയ്തു.
പെറ്റമ്മയുടെ മൊഴിയെ തുടര്‍ന്നാണ് യുവതിയെ കോടതി ശിക്ഷിച്ചത്. ശിക്ഷയില്‍ നിന്നും ഒഴിവാകണമെങ്കില്‍ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് ദയാധനം നല്‍കണമായിരുന്നു. അത് നല്കാന് യുവതിയുടെ കൈവശം പണമില്ലാത്തതും മോചനം അസാധ്യമായി.
ഈ അവസരത്തിലാണ് യുവാവിന്റെ സഹോദരി ഒരു ജീവകാരുണ്യ സംഘടന വഴി യുവതിയുടെ അവസ്ഥ അറിയുന്നത്. ഇതോടെ യുവതിയെ ജയില്‍ മോചിതയാക്കാന്‍ യുവാവ് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ജയില്‍ മോചനത്തിനു ആവശ്യമായി വന്ന പണം നല്‍കുകയും വിവാഹം കഴിക്കാന്‍ താല്പര്യം അറിയിക്കുകയും ആയിരുന്നു. വിവരമറിഞ്ഞ യുവതി ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ സഹായിച്ച വ്യക്തിക്കൊപ്പം ജീവിക്കാനുള്ള സമ്മതം അറിയിക്കുകയും ചെയ്തു.
യുവതി ജയിലിലാകാനുള്ള കാരണത്തെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത:
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസില്‍ അകപ്പെട്ട 21 വയസ്സുള്ള അറബ് യുവതി 37 വയസ്സുള്ള വ്യക്തിയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ ഭാര്യയും മൂന്നു മക്കളും ഉണ്ടെന്ന കാര്യം മറച്ചുവെച്ചായിരുന്നു അയാള്‍ വിവാഹം കഴിച്ചത്.
ഈ കാലത്ത് യുവാവ് ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ വരികയും മൂന്നു മക്കളെയും ഏല്‍പ്പിച്ച് അവര്‍ സ്വന്തം രാജ്യത്തേക്ക് പോവുകയും ചെയ്തു. മൂന്നു പെണ്‍കുട്ടികളും വീട്ടില്‍ രണ്ടാനമ്മയ്ക്കൊപ്പമായിരുന്നു. കുട്ടികളെ നോക്കാനുള്ളതിനാല്‍ യുവതിയെ ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല.
അധികം വൈകാതെ 21 വയസുള്ള യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. നാലു മക്കളെയും ഇവര്‍ സ്നേഹിക്കുകയും വളര്‍ത്തുകയും ചെയ്തു. ആദ്യ ഭാര്യയിലെ മക്കളും യുവതിയുമായി വളരെ അടുക്കുകയും ചെയ്തു.
കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതിനിടെയാണ് കുടുംബത്തില്‍ ഒരു ദുരന്തം സംഭവിച്ചത്. ആദ്യ വിവാഹത്തിലുണ്ടായിരുന്ന ഏറ്റവും ഇളയ പെണ്‍കുട്ടി യുവതിയുടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചു പറയുകയും ചെയ്തു.
ഐസിയുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പക്ഷേ, മരിച്ചു. സംഭവം അറിഞ്ഞ് പെണ്‍കുട്ടികളുടെ മാതാവ് സ്ഥലത്ത് എത്തുകയും രണ്ടാനമ്മയായ യുവതിയെ കുറ്റപ്പെടുത്തുകയും ചെയ്തു. തന്റെ മകളെ യുവതി ബൈക്കില്‍ നിന്നും തള്ളിയിട്ടുവെന്നും പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി യുവതിയാണെന്നും ഇവര്‍ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ യുവതിയുടെ കൈയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലായിരുന്നു.
തുടര്‍ന്ന് യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും 10 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഭര്‍ത്താവും യുവതിയെ ഉപേക്ഷിച്ചു. യാതൊരു വിധത്തിലുള്ള സഹായവും നല്‍കിയില്ല. പിന്നീട്, കോടതി യുവതിയുടെ ശിക്ഷ അഞ്ചു വര്‍ഷമായി കുറച്ചു. ഒടുവില്‍ ശിക്ഷാകാലവധി പൂര്‍ത്തിയാക്കിയിട്ടും യുവതിക്ക് സ്വതന്ത്രയാകാന്‍ സാധിച്ചില്ല.
പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദയാധനം കുടുംബത്തിന് നല്കാന് സാധിക്കാത്തതായിരുന്നു പ്രശ്നം. ഭര്‍ത്താവോ കുടുംബമോ സഹായത്തിന് എത്തിയില്ല. ഈ സമയത്താണ് ഒരു ജീവകാരുണ്യ സംഘടനയിലൂടെ യുവാവിന്റെ സഹോദരി വിവരം അറിയുകയും യുവാവ് സഹായത്തിന് എത്തുകയും ചെയ്തത്.
Discussion about this post