റാസല്‍ഖൈമ: വില പിടിച്ച വസ്തുക്കള്‍ പതിവായി വഴിയില്‍ നിന്ന് കളഞ്ഞുകിട്ടുകയും ഉടമയെ തേടി കണ്ടുപിടിച്ച് തിരികെ ഏല്‍പ്പിക്കുന്ന മലയാളിയാണ് റാസല്‍ഖൈമയില്‍ താരമാകുന്നത്. റാക് പോസ്റ്റാഫീസില്‍ ജീവനക്കാരനായ ഫോര്‍ട്ട് കൊച്ചി രണ്ടിലെ ചക്കാമാടം മിന്നത്തില്‍ അബ്ദുല്‍ റഹീമാ (50)ണ് സത്യസന്ധതയെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്നത്.
അബ്ദുള്‍ റഹീമാ ഇപ്പോള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ താരമാണ്. നേരത്തെ ഒട്ടേറെ തവണ പണവും സ്വര്‍ണ്ണവും കളഞ്ഞുകിട്ടിയിട്ടുള്ള അബ്ദുല്‍ റഹീം അവയെല്ലാം റാക് പോലീസിനെ ഏല്‍പ്പിക്കുകയും ഉടമയെ കണ്ടുപിടിച്ച് സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്തു. ശേഷം അബ്ദുല്‍ റഹീമിന് റാക് നഖീല്‍ പോസ്റ്റാഫീസിനടുത്ത് നിന്ന് 50,000 ദിര്‍ഹം കളഞ്ഞുകിട്ടി. ഒരു എക്‌സ്‌ചേഞ്ചില്‍ നിന്ന് വരികയായിരുന്ന ആരുടേതോ ആയിരുന്നു പണം. മറ്റൊന്നും ആലോചിക്കാതെ പണം ആദ്യം പോസ്റ്റാഫീസ് മാനേജറെ ഏല്‍പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പോലീസില്‍ എത്തിക്കുകയും ചെയ്തു.
യുഎഇയില്‍ 29 വര്‍ഷമായി പ്രവാസിയായ അബ്ദുല്‍ റഹീം കഴിഞ്ഞ 20 വര്‍ഷമായി റാക് പോസ്റ്റാഫീസില്‍ ജീവനക്കാരനാണ്. ഇവിടെ ജോലിയില്‍ പ്രവേശിച്ച കാലത്താണ് ആദ്യമായി 9,000 ദിര്‍ഹവും ഡോളറും മറ്റു രേഖകളുമടങ്ങുന്ന ചെറിയ ബാഗ് കളഞ്ഞുകിട്ടിയത്. ഉടന്‍ പോസ്റ്റാഫീസ് മാനേജറെ ഏല്‍പിച്ചു. അതോടൊപ്പമുണ്ടായിരുന്ന സ്ലിപ്പിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് ഉടമയെ വരുത്തിയ പോലീസ് അത് തിരികെ നല്‍കി. അപ്പോള്‍ ആ മനുഷ്യന്റെ മുഖത്തുണ്ടായ കൃതജ്ഞതയും സന്തോഷവും പറഞ്ഞറിയിക്കാന്‍ പോലും കഴിയാത്ത ഒന്നാണെന്ന് അബ്ദുല്‍ റഹീം പറയുന്നു. പിന്നീടൊരിക്കല്‍ പണവും മറ്റൊരിക്കല്‍ സ്വര്‍ണ്ണ മാലയും കളഞ്ഞുകിട്ടി. അതെല്ലാം ഉടമകളെ ഭദ്രമായി തിരിച്ചേല്‍പിച്ചിട്ടുണ്ട്. ഇനിയും നീളും അബ്ദുള്‍ റഹീമിന്റെ നന്മകള്‍.
‘എനിക്കൊക്കെ ഒരു 50 ദിര്‍ഹം നഷ്ടപ്പെട്ടാല്‍ പോലും വിഷമമാകും. ആ സ്ഥാനത്ത് വലിയ തുകയും സ്വര്‍ണ്ണവുമൊക്കെ നഷ്ടപ്പെടുന്നവരുടെ വിഷമം മനസിലാക്കി എത്രയും പെട്ടെന്ന് അവരെ തിരിച്ചേല്‍പിക്കാനുള്ള വഴികളാണ് ആലോചിക്കുന്നത്’ അബ്ദുള്‍ റഹീം പറയുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ബീനയും മക്കളായ അബ്ദുല്‍ മാലിക്, അമല്‍ എന്നിവര്‍ നാട്ടിലാണുള്ളത്. അബ്ദുല്‍ റഹീം ആവര്‍ത്തിക്കുന്ന ഈ സത്യസന്ധതയില്‍ ആകൃഷ്ടരായ റാക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. പ്രശംസാ പത്രവും സമ്മാനവും നല്‍കിയാണ് തിരിച്ചയച്ചത്.
Discussion about this post