മാധ്യമം ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഗള്‍ഫ് മാധ്യമം പ്രതിസന്ധിയിലായതാണ് വരുമാനത്തെ സാരമായി ബാധിച്ചത് എന്ന് പറയുന്നുണ്ടെങ്കിലും അഴിമതിയും അധാര്‍മികതയും കെടുകാര്യസ്ഥതതയുമാണ് നില വഷളാക്കിയിരിക്കുന്നതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കൃത്യസമയത്ത് ശമ്പളം കൊടുക്കാന്‍ കഴിയാത്തത് മൂലം ജീവനക്കാരുടെ അസംതൃപ്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഗള്‍ഫ് വരുമാനം നിലക്കാത്ത സ്രോതസല്ല എന്ന് തിരിച്ചറിഞ്ഞ് വരുമാനം സൂക്ഷ്മമായി വിനിയോഗിക്കുന്നതില്‍ തലപ്പത്തുള്ളവര്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധിയുടെ ഒരു കാരണം. അഴിമതിക്കെതിരെ നിരന്തരം അച്ചടിമഷി നിരത്തുന്നതിനിടയില്‍ സ്വന്തം സ്ഥാപനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും കാണാതെ പോകുകയോ അവയ്ക്കു നേരെ ഉത്തരവാദപ്പെട്ടവര്‍ കണ്ണടക്കുകയോ ചെയ്തതാണ് ഈ അപചയം രൂക്ഷമാക്കിയത്.
പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍:-
1) സാധ്യതാ പഠനം നടത്താതെ അമിതാവേശത്തില്‍ ആരംഭിച്ച പുതിയ യൂണിറ്റുകള്‍
2) ഏതാനും ചിലരുടെ താല്പര്യാര്‍ഥം നടപ്പിലാക്കിയ അശാസ്ത്രീയവും അനാവശ്യവുമായ നവീകരണ പ്രവൃത്തികള്‍
3) കണ്ണിലെ കരടായവരെ നിശ്ചലരും നിശബ്ദരുമാക്കി ഒതുക്കി നിര്‍ത്താനായി സൃഷ്ടിച്ച പുതിയ തസ്തികകള്‍
5) ഏതാനും വ്യക്തികള്‍ക്ക് ലാഭം കിട്ടത്തക്കവിധം നടത്തിയ ഭൂമി ഇടപാടുകള്‍
6) മാനേജരുടെ പിടിവാശി മൂലം കൊച്ചിയിലെ പ്രസ്സില്‍ പഴയ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിക്കുകയും തുടര്‍ന്ന് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമല്ലാത്ത പ്രസ്സിലെ ജീവനക്കാര്‍ക്ക് മതിയായ ജോലി ചെയ്യാതെ ശമ്പളം നല്‍കേണ്ടിവന്നതുമായ അവസ്ഥ
7) വ്യക്തികളുടെ താല്‍പര്യവും അവര്‍ക്കുള്ള ലാഭവും മാത്രം ആസ്പദമാക്കി അനുയോജ്യമല്ലാത്ത പ്രദേശങ്ങളില്‍ യൂണിറ്റ് ആരംഭിക്കാന്‍ വേണ്ടി സ്ഥലം എടുത്ത നടപടി. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിനു സമീപം എടുത്ത സ്ഥലത്തിന്റെ ഇടപാടില്‍ വന്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന് സ്ഥലമെടുപ്പിന് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സുബൈര്‍ സാഹിബ് കരിക്കോട് ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയില്‍ സ്ഥലം വാങ്ങിയ വകയില്‍ ഒരു ഉന്നതന്‍ കമ്മീഷന്‍ പറ്റിയ കാര്യം ജീവനക്കാര്‍ക്കിടയില്‍ പാട്ടാണ്. കോഴിക്കോട് വെസ്റ്റില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഓറിയന്റല്‍ പ്രിന്റിംഗ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനവും 30 സെന്റ് സ്ഥലവും പ്രൊഡക്ഷന്‍ മാനേജര്‍ റഷീദലിയുടെ താല്‍പര്യാര്‍ത്ഥം വാങ്ങിയതില്‍ അഴിമതിയുണ്ട് എന്ന ആരോപണം ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. 30 സെന്റ് വിലകൊടുത്തു വാങ്ങിയ ഈ സ്ഥലം അളന്ന് നോക്കിയപ്പോള്‍ 24.7 മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് പ്രിന്റിംഗ് ടെക്‌നോളജി സ്ഥാപിക്കുവാനായി വാങ്ങിയ സ്ഥലത്തിന് കമ്മീഷന്‍ ലഭിച്ചുവെന്ന് കെ. റഷീദ് അലി സമ്മതിച്ചിട്ടുണ്ട്. മാധ്യമം കോഴിക്കോട് സിറ്റി യൂണിറ്റ് മീഡിയവണ്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം കോഴിക്കോട് പ്രിന്റിംഗ് ടെക്‌നോളജിക്കു വേണ്ടി വാങ്ങിയ സ്ഥലം എന്നിവ ഉള്‍പ്പെടെ കോഴിക്കോട് മേഖലയിലെ സ്ഥലമെടുപ്പിലും മെഷിനറികളും മറ്റു സാമഗ്രികളും വാങ്ങി സ്ഥാപിച്ചതിലുമടക്കം വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. ഈ ഇടപാടുകളിലോരോന്നിലും ചിലര്‍ കൈപറ്റിയ കമ്മീഷന്‍ തുകയുടെ കനം പരസ്യമായ രഹസ്യമാണ്. കൊച്ചി യൂണിറ്റില്‍ 5 കോടി വിലപിടിപ്പുള്ള പ്രസ്സും ഒരു കോടിയോളം വിലമതിക്കുന്ന ജനറേറ്ററും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഇതുവരെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത പ്രസ്സിലേക്കാണ് രണ്ടു വര്‍ഷം മുമ്പ് ജീവനക്കാരെ പ്രൊഡക്ഷന്‍ മാനേജര്‍ നിയമിച്ച് ശമ്പളം കൊടുത്തു കൊണ്ടിരിക്കുന്നത്. ബില്‍ഡിങ്ങിന്റെ ഉയരക്കുറവ് മൂലം പ്രസ്സ് നടത്താന്‍ അനുമതി ലഭ്യിക്കാത്തതിനാല്‍ ഏതാണ്ട് പത്തു കോടി രൂപ Dead Money യായി കിടക്കുകയാണ്. കൊച്ചി കോട്ടയം തിരുവനന്തപുരം കോഴിക്കോട് യൂണിറ്റുകള്‍ക്കായുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളും ഇടനിലക്കാരായി നിന്ന് കമ്മീഷന്‍ പറ്റിയെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.
8) പത്രപ്രവര്‍ത്തന ധര്‍മ്മത്തിലും മൂല്യങ്ങളിലും വന്ന ച്യുതി. 9) ഉള്ളടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന സമീപനമായിരുന്നില്ല മാധ്യമം സ്വീകരിച്ചിരുന്നത്. എന്നാല്‍ പുതിയ കാലത്ത് പരസ്യദാതാക്കളെയും മറ്റു രാഷ്ട്രീയക്കാരെയും പിണക്കാത്ത വിധത്തില്‍ ഒരുതരം നീക്കുപോക്ക് പത്രപ്രവര്‍ത്തനം ആണ് മാധ്യമത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 10) ഉള്ളടക്കത്തിലുള്ള സൂക്ഷ്മതക്കുറവ് മാധ്യമത്തിന്റെ വിശ്വാസ്യതക്ക് വരെ കോട്ടം തട്ടിച്ചിട്ടുണ്ട്. ഇക്കാര്യം മാധ്യമത്തിനകത്തുള്ളവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ചിലരുടെ താല്‍പര്യങ്ങള്‍ക്കു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പ്രസിദ്ധീകരിക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ടി വരുന്ന വാര്‍ത്തകളും വിരളമല്ല.
മാധ്യമം എന്ന പത്ര സ്ഥാപനത്തെ നിലനിറുത്തുന്നതിനും അതിന്റെ വളര്‍ച്ചയുമായി ചോര നീരാക്കി അധ്വാനിക്കുന്ന താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് വേണ്ടത്ര പ്രോത്സാഹനമോ അംഗീകാരമോ ലഭിക്കുന്നില്ല. വന്‍കിട കുത്തക കമ്പനികളിലെ ഒരു ബിസിനസ് എക്‌സിക്യൂട്ടീവിന് ലഭിക്കുന്നതിനേക്കാളും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന മാനേജര്‍മാരാണ് മാധ്യമത്തിന്റെ മുഖ്യ ഗുണഭോക്താക്കളായി അറിയപ്പെടുന്നത്. ശമ്പളം പോലും കൊടുക്കാന്‍ മാധ്യമം വിഷമിക്കുന്ന ഘട്ടത്തിലാണ് പരസ്യ വിഭാഗത്തിലെ മൂന്നു വ്യക്തികള്‍ ഏതാണ്ട് 26 ലക്ഷം രൂപ ഇന്‍സെന്റീവായി കൈപറ്റിയത്. 2014-15 വര്‍ഷത്തില്‍ 34 ലക്ഷത്തിലധികം രൂപയാണ് വെറും അഞ്ചാളുകള്‍ കരസ്ഥമാക്കിയത്. 2016-17 വര്‍ഷം കോര്‍പ്പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ഇന്‍സെസെന്റീവായി കൈപറ്റിയത് 5 ലക്ഷത്തിനടുത്ത സംഖ്യയാണ്.
2016-17 ല്‍ 21.36 കോടിയിലധികവും 2017-18 ല്‍ 17.53 കോടിയിലധികവും 2018-19 വര്‍ഷത്തില്‍ 17.26 കോടി രൂപയുമാണ് മാധ്യമത്തിന് നഷ്ടം വന്നത്. പത്രത്തെ സംബന്ധിച്ചെടത്തോളം അതിന്റെ സര്‍ക്കുലേഷന്‍ ഏറ്റവും കൂടുതല്‍ വര്‍ധിച്ച കാലം 2016-17 കാലയളവാണ്. മാതൃഭൂമിയുടെ പ്രവാചകനിന്ദയുടെ സന്ദര്‍ഭത്തിലായിരുന്നു അത്. 2.07 ലക്ഷം കോപ്പിയായിരുന്നു അന്ന് മാധ്യമത്തിനുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 1.85 ലക്ഷം (185410) കോപ്പിയാണ് ഉള്ളത്. ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച സ്‌കീം പദ്ധതിയില്‍ 8552 കോപ്പികള്‍ വര്‍ധിച്ചപ്പോള്‍ 11187 റെഗുലര്‍ കോപ്പികളാണ് കുറഞ്ഞത്.
സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യം വച്ചല്ല പലപ്പോഴും ഈ സ്ഥാപനത്തില്‍ സ്ഥലംമാറ്റവും പ്രമോഷനുകളും നടക്കുന്നത്. ഏതാനും പേരുടെ വ്യക്തിപരമായ താല്‍പര്യമാണ് പലപ്പോഴും സ്ഥലംമാറ്റത്തിനും പ്രമോഷനും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. ഇഷ്ടക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്നു പ്രമോഷന്‍ നല്‍കുന്നു എന്നുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്. മാധ്യമമെന്ന പത്രവും അത് പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും ഇത്രയും നാള്‍ പ്രചരിപ്പിച്ച ധാര്‍മികവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ആ സ്ഥാപനത്തിന് അകത്തു നടക്കുന്നത് എന്ന് നിരവധി ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. നിരവധി അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന വിഎ സലിം എന്ന ആളെയാണ് മാധ്യമം പ്രൊജക്റ്റ് കോര്‍ഡിനേറ്ററായായി നിലവില്‍ നിയമിച്ചിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രൊജക്ടുകളും കൈകാര്യം ചെയ്യുന്നതും. അദ്ദേഹത്തിന്റെ ഭാര്യ റംലയുടെ നേതൃത്വത്തിലുള്ള എസ്സാര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനമാണ് മാധ്യമത്തിന്റെ പ്രധാന രീിൗെഹമേി.േ കൊച്ചി യൂണിറ്റിന് വേണ്ടി സ്ഥലം വാങ്ങിയ വകയില്‍ 80,000 രൂപ ഇദ്ദേഹം കമ്മീഷന്‍ അടിച്ചെടുത്തതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മതയില്ലാത്ത ഇദ്ദേഹത്തെ മാനേജ്‌മെന്റ് ഇത്രയും വലിയ പോസ്റ്റില്‍ നിയമിച്ചത് എന്തടിസ്ഥാനത്തിലാണ്? അദ്ദേഹത്തെ പ്രസ്തുത പോസ്റ്റില്‍ നിയമിക്കുന്നതിന് അന്നത്തെ എറണാങ്കുളം ജില്ലാ പ്രസിഡണ്ടായിരുന്ന വ്യക്തിക്ക് ജമാഅത്ത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായതായി അദ്ദേഹം പറയുന്നു.
SSLC യോഗ്യത മാത്രമുള്ള കെ റഷീദലിയെ പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് സീനിയര്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചതും മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടല്ല എന്ന മുറുമുറുപ്പ് ജീവനക്കാര്‍ക്കിടയിലുണ്ട്. ഈ തസ്തികയിലേക്ക് കഴിവുറ്റ നിരവധി പേര്‍ യോഗ്യരായിരുന്നിട്ടും മുന്‍ ചെയര്‍മാന്റെ (ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ആരിഫലി സാഹിബിന്റെ) ഭാര്യാസഹോദരന്‍ എന്ന പരിഗണന മാത്രം വെച്ചാണ് അദ്ദേഹത്തെ ഈ തസ്തികയില്‍ നിയമിച്ചത്. എഴുത്തുകുത്തുകള്‍ നടത്താനും മറ്റു ഉന്നത ഇടപെടലുകള്‍ നടത്താനും ഭാഷാനൈപുണ്യമില്ലാത്ത റഷീദലി മൂന്നു പേരെയാണ് തന്റെ സഹായികളായി നിര്‍ത്തി ശമ്പളം നല്‍കി വരുന്നത്. മലപ്പുറം പ്രസ്സിലെ പാക്കിംഗ് & കൗണ്ടിംഗ് മെഷീനും ക്വാര്‍ട്ടര്‍ ഫോള്‍ഡര്‍ മെഷീനും ഉപയോഗശൂന്യമായി കിടക്കുന്നതും കൊച്ചി യൂണിറ്റില്‍ പ്രസ്സ് സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നതിന് മുമ്പ് മെഷിനുകളുടെ വാറണ്ടി കാലയളവ് അവസാനിക്കുന്ന സ്ഥിതിയും പ്രസ്സ് ആരംഭിക്കുന്നതിന് മുമ്പ് പുതിയ സ്റ്റാഫുകളെ നിയമിച്ചതും ഉള്‍പ്പടെ മാധ്യമത്തിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഇദ്ദേഹത്തിന്റെ നടപടികള്‍ കാരണം കൂടിയാണെന്ന് മനസ്സിലാകുന്നു.
ചുരുക്കത്തില്‍ കാലഹരണപ്പെട്ട മുതലാളിത്ത ബൂര്‍ഷാ മൂല്യങ്ങളാണ് ആണ് ഇന്ന് മാധ്യമം എന്ന സ്ഥാപനത്തെ ഭരിക്കുന്നത്. സ്ഥാപനത്തിനു വേണ്ടി ഊണും ഉറക്കവുമില്ലാതെ അധ്വാനിക്കുന്ന സാധാരണക്കാരായ ജീവനക്കാര്‍ മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകളില്‍ മനംനൊന്ത് ഒതുക്കപ്പെട്ട അവസ്ഥയിലാണുള്ളത്. സ്ഥാപനത്തിന്റെ ചെലവില്‍ തടിച്ചുകൊഴുക്കുന്നതും ഉയര്‍ച്ച നേടുന്നതും ജനറല്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെ ഏതാനും ഉന്നതര്‍ മാത്രമാണ്. മൂന്ന് ജനറല്‍ മാനേജര്‍മാര്‍ മാധ്യമത്തിന് ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. മനോരമക്കും മാതൃഭൂമിക്കും മീഡിയ വണ്ണിനുമെല്ലാം ഒന്നിലധികം ജനറല്‍ മാനേജര്‍മാരുണ്ട്. എന്നാല്‍ ദേശാഭിമാനിക്ക് അങ്ങനെയില്ല. സി പി ഐ (എം) സെക്രട്ടേറിയേറ്റ് മെമ്പറായ കെ.ജെ. തോമസാണ് ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍. അതിനു പുറമെ ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാത്രമാണുള്ളത്. ഇതില്‍ ഏതാണ് അഭികാമ്യമെന്ന് ഇനിയും ആലോചിക്കേണ്ടതാണ്.
മാധ്യമം ഹെല്‍ത്ത് കെയര്‍, എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് എന്നിവ സംബന്ധിച്ച് ഇത്തരം ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുകയോ അര്‍ഹരിലേക്ക് എത്താതിരിക്കുകയോ ചെയ്യുന്നുണ്ടെന്ന പരാതിയും യൂണിയനുകള്‍ ഉന്നയിച്ചിരുന്നു. അതിനെ പറ്റി അന്വേഷിക്കാന്‍ സമയപരിമിതി കാരണം ഈ സമിതിക്ക് സാധിച്ചിട്ടില്ല. മാധ്യമത്തിന്റെ ഏറ്റവും വലിയ ബാധ്യത ജീവനക്കാരുടെ ശമ്പളമാണ്. 2017 ല്‍ 942 ജീവനക്കാരാണ് മാധ്യമത്തിലുണ്ടായിരുന്നത്. എച്ച്. ആര്‍ കോസ്റ്റ് കുറക്കുന്നതിന്റെ ഭാഗമായി നിയമന നിരോധനം ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 850 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം പ്രതിമാസം 3.19 കോടി രൂപയാണ് ചെലവാകുന്നത് (ഒരു വര്‍ഷം 38.28 കോടി!). മാധ്യമം നടന്നു പോകണമെങ്കില്‍ ഇപ്പോള്‍ ഉള്ളതിന്റെ മുന്നില്‍ രണ്ട് ജീവനക്കാര്‍ മതിയാകുമെന്നാണ് പ്രാഥമിക പഠനത്തില്‍ നിന്നും ബോധ്യപ്പെടുന്നത്. അല്‍പം ഞെരുങ്ങിയാല്‍ പകുതി സ്റ്റാഫുകളെക്കൊണ്ടും മാധ്യമം വേണമെങ്കില്‍ നടത്തുവാന്‍ സാധിക്കും.
2019 ജനുവരി 9 ലെ ശൂറാ (ഉന്നത കൂടിയാലോചനാ സമിതി) തീരുമാനപ്രകാരമാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. മാധ്യമം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാതലത്തില്‍ ശമ്പളം വൈകുന്നതുള്‍പ്പടെ പ്രതിസന്ധി പ്രകടമായ സാഹചര്യത്തില്‍ യൂനിയന്‍ നല്‍കിയ കത്തിന്റെ വെളിച്ചത്തിലാണ് ഈ വസ്തുതാന്വേഷണ സമിതി രൂപീകരിക്കപ്പെട്ടത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങളും നടപടികളും ഉണ്ടാകേണ്ടതുണ്ട്. അതിന് സഹായകമാകുന്ന പ്രാഥമിക രേഖ മാത്രമാണ് ഈ റിപ്പോര്‍ട്ട്. മാധ്യമത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞ 32 വര്‍ഷക്കാലത്തിന്റെ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് അനിവാര്യമാണ്. മാധ്യമം അതിന്റെ ഭൂതകാലത്തെ കുറിച്ച് ആത്മപരിശോധനയും നടത്തേണ്ടതുണ്ട്. അത് വീഴ്ചകള്‍ തിരിച്ചറിയുവാനും തിരുത്തുവാനും കൂടുതല്‍ ഉണര്‍വോടെ മുന്നേറാനും സഹായകമാകുമെന്ന് ഈ സമിതി വിശ്വസിക്കുന്നു. ആ നിലക്ക് ഇതൊരു ആത്മപരിശോധനയാണ്. ചെറിയ തോതിലുള്ള സോഷ്യല്‍ ഓഡിറ്റ് കൂടിയാണ്. നാഥന്‍ സ്വീകരിക്കുമാറാകട്ടെ, ആമീന്‍.
സ്‌നേഹാദരപൂര്‍വ്വം
1) അബ്ദുല്‍ ഹകീം
നദ് വി (കണ്‍വീനര്‍)
2) ഡോ. കൂട്ടില്‍
മുഹമ്മദലി
3) കെ.എ. യൂസുഫ് ഉമരി
4) കെ. മുഹമ്മദ് വേളം
വാല്‍ക്കഷ്ണം :-
ധാര്‍മികതയെ കുറിച്ചോര്‍ത്ത് നിരന്തരം വിലപിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന മാധ്യമം എന്ന സ്ഥാപനത്തെ പൊതു സമൂഹം സസുക്ഷ്മം വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. വാര്‍ത്തകളില്‍ എന്നപോലെ സ്ഥാപന നടത്തിപ്പിലും അടുത്തിടെയായി ഈ പത്രം സ്വീകരിക്കുന്ന കാപട്യം നിറഞ്ഞ സമീപനം ചര്‍ച്ചചെയ്യാതെ പോകരുത്. നാട് നന്നാക്കാന്‍ ഇറങ്ങി വീടു വൃത്തിയാക്കാന്‍ മറന്നുപോയവനെപ്പോലെ ആയിപ്പോയി മാധ്യമം കുടുംബം. മറ്റുള്ളവരുടെ കിടപ്പറകളിലേക്ക് എത്തിവലിഞ്ഞ് നോക്കി രസിച്ചപ്പോള്‍ അവനവന്റെ കുളിമുറിയിലേക്ക് എന്നെങ്കിലും ആരെങ്കിലും ഒളിക്കണ്ണിട്ട് നോക്കുമെന്ന് കരുതിക്കാണില്ല ഈ ആദര്‍ശ പൂങ്കവന്‍മാര്‍. കെ.പി. ഹസ്സനാജി എന്ന കഴിവുറ്റ ഒരു സംഘാടകനെ ഓഡിറ്റു പുസ്തകത്തിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമൂഹമധ്യത്തില്‍ താറടിച്ച് അപമാനിച്ച് ‘കെ.പി. ഹസ്സന്‍ ചോര്‍ ഹേ ‘ എന്ന് ജെ.ഡി.റ്റിയിലെ കുട്ടികളെക്കൊണ്ടും നാട്ടുകാരെക്കൊണ്ടും വിളിപ്പിച്ച് കണ്ണീരോടെ ഇറക്കിവിട്ടപ്പോള്‍ ഓര്‍ത്തിട്ടുണ്ടാവില്ല ഇങ്ങിനെ ഒരു കാവ്യ നീതി തങ്ങളെയും കാത്തിരിക്കുന്നുണ്ടാകുമെന്ന്. ‘സ്വയം ചെയ്യാത്തതാണോ നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യണം എന്ന് കല്‍പിക്കുന്നത്. അതിനെക്കാള്‍ വലിയ പാപം മറ്റൊന്നില്ല’ (വിശുദ്ധ ഖുര്‍ആന്‍)
Discussion about this post