റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ പത്താം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ചികിത്സയില്‍ കഴിഞ്ഞ ഒന്നര വയസുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ഫെബ്രുവരി 17 നാണ് റാസല്‍ഖൈമയിലെ അപ്പാര്‍ട്ട്മെന്റിലെ പത്താം നിലയില്‍ നിന്നും ലീന്‍ താഴെ വീണത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നീണ്ട് നിന്ന ചികിത്സക്കൊടുവിലാണ് ഈ ഒന്നര വയസുകാരി ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ കുട്ടിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തവാം ആശുപത്രിയിലാണ് കുട്ടി ചികിത്സ തേടിയത്. അതേസമയം മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് സന്തോഷം പങ്കുവെച്ചരിക്കുകയാണ് ലീനിന്റെ പിതാവ് മുഹമ്മദ്. അപകടത്തെ തരണം ചെയ്ത് തന്റെ മകളുടെ പുനര്‍ജന്മമാണിത്.
മകള്‍ സുഖം പ്രാപിച്ച് വരുന്നു. ദുരിതകാലത്ത് കൂടെ നിന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും മുഹമ്മദ് പറഞ്ഞു.
ലീന്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും കോമയെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് വന്നതായി തവാം ആശുപത്രി പീഡിയാട്രിക് ഐസിയു ഹെഡ് ഡോക്ടര്‍ നദാല്‍ അല്‍ ഹഷൈക പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് സംഭവം നടന്നത്. ലീന്‍ തന്റെ ഫ്ലാറ്റില്‍ ജനലിന് സമീപത്തിട്ടിരിക്കുന്ന സോഫയില്‍ നിന്ന് കളിക്കുകയായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവ് ആറ് വയസുള്ള സഹോദരന് അടുത്തദിവസം സ്കൂളില്‍ കൊണ്ടുപോകാനുള്ള ബാഗ് എടുത്ത് വെയ്ക്കുകയായിരുന്നു. ആ സമയം സോഫയില്‍ പിടിച്ചുകയറി ജനലിലൂടെ പുറത്തേക്ക് നോക്കുന്ന ലീനിനെ കണ്ട് മാതാവ് ഓടി എത്തിയെങ്കിലും ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന് ഗ്ലാസിലേക്കാണ് കുട്ടി വീണത്.
Discussion about this post