ഒമാനില്‍ മഴവെള്ളപാച്ചിലില്‍ പെട്ട് കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

ഒമാന്റെ കിഴക്കന്‍ മേഖലയിലെ വാദി ബനീ ഖാലിദിലാണ്, ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോയത്. കനത്ത മഴയ്ക്കിടെ, ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മസ്‌ക്കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. ഒമാന്റെ കിഴക്കന്‍ മേഖലയിലെ വാദി ബനീ ഖാലിദിലാണ്, ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോയത്. കനത്ത മഴയ്ക്കിടെ, ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ മാസമാണ് ഭാര്യ അര്‍ശി മകന്‍ നൂഹിന് ഒമാനില്‍ വെച്ച് ജന്മം നല്‍കിയത്. കുട്ടിയെ കാണുന്നതിന് കഴിഞ്ഞ ദിവസം ഫസല്‍ അഹ്മദിന്റെ മാതാപിതാക്കള്‍ ഒമാനിലെത്തിയതായിരുന്നു. ഇബ്ര വിലായത്തിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇബ്രയിലെ ഇബ്നു ഹൈതം ഫാര്‍മസിയിലായിരുന്നു ഖാന്‍ ജോലി ചെയ്തിരുന്നത്. വാരാന്ത്യ അവധി ആയതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവര്‍ വാദിയില്‍ അകപ്പെട്ടത്.
പെട്ടെന്നുണ്ടായ കനത്തമഴവെള്ളപാച്ചിലാണ് ദുരന്തത്തിനു കാരണം.

മസ്‌ക്കറ്റ്, മസ്‌റ, ആമിറാത്ത്, തനൂഫ്, റുസ്താഖ്, നിസ്വ, ജഅലാന്‍ ബൂ അലി, അവാബി, വാദി സിരീന്‍, വാദി ബനീ ഗാഫിര്‍, സമാഈല്‍, ഹംറ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. അതേസമയം, മലകള്‍, താഴ്‌വരകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകരുതെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പു നല്‍കുന്നു.

Exit mobile version