മസ്‌കറ്റ്: ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതല്‍ ഒമാന്റെ പര്‍വത നിരകളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും മഴ പെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ഒമാനില്‍ മഴ പെയ്യാനുള്ള കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇന്നും നാളെയും ന്യൂനമര്‍ദത്തിന്റെ ആഘാതം കൂടുതലായി അനുഭവപെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ.ജുമാ ബിന്‍ സൈദ് അല്‍ മസ്‌കരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ ഉപദീപിന്റെ പടിഞ്ഞാറു ഭാഗത്തു കേന്ദ്രികരിച്ചിരിക്കുന്ന ന്യൂനമര്‍ദം ഇന്ന് മുതല്‍ ഒമാനെ ബാധിച്ചു തുടങ്ങുമെന്നും വാര്‍ത്താ കുറിപ്പിലുണ്ട്.
അല്‍ ഹാജര്‍ പര്‍വത നിരകള്‍, അല്‍ വുസ്ത, ദോഫാര്‍ എന്നി പ്രദേശങ്ങളില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. മഴ ശക്തമായാല്‍ പ്രധാന നിരത്തുകളിലേക്ക്, തോടുകളും വെള്ളക്കെട്ടുകളും കരകവിഞ്ഞ് ഒഴുകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ നിര്‍ദേശമുണ്ട്. കടലില്‍ ശക്തമായ തിരമാല രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post