റാസല്‍ഖൈമ: വീടിനകത്തെ എസി പൊട്ടിത്തെറിച്ച് വീട് തീ ഗോളമായിട്ടും പതറാതെ മൂന്നു കുരുന്നുകളെ മുറിക്കുള്ളില്‍ നിന്നും രക്ഷപ്പെടുത്തി ധീരവനിതയായി ഈ അമ്മ. റാസല്‍ഖൈമയിലെ ഖുസാമിലാണ് സംഭവം. കഴിഞ്ഞ ദിവസം വീടിന് തീപിടിച്ച് പുകനിറഞ്ഞ് കാഴ്ച പോലും വ്യക്തമാവാതിരുന്നിട്ടും ജീവന്‍ പണയപ്പെടുത്തി അമ്മ അകത്ത് കയറി കുഞ്ഞുങ്ങളെ പുറത്തെത്തിക്കുകയായിരുന്നു. മുറിയുടെ വാതില്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജനല്‍തകര്‍ത്താണ് യുവതി അകത്ത് കയറിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അമ്മയ്ക്ക് ഗ്ലാസ് ചില്ലുകള്‍ തറഞ്ഞ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് പറയുന്നു. തീ ആളിക്കത്തിയതോടെ വീട്ടില്‍ പുക നിറഞ്ഞതിനൊപ്പം എസിയിലെ ഗ്യാസും ചോര്‍ന്ന് വീടിനുള്ളില്‍ നിറഞ്ഞിരുന്നു. എങ്കിലും പ്രതിസന്ധികളെ തരണം ചെയ്ത് യുവതി കുഞ്ഞുങ്ങളെ രക്ഷിക്കുകയായിരുന്നു. അമ്മയും കുട്ടികളും വീടിന് പുറത്തെത്തി നിമിഷങ്ങള്‍ക്കകം എസി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. ജനല്‍ചില്ലുകള്‍ ശരീരത്തില്‍ തട്ടി കുട്ടികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അമ്മയുടെ തോളിലുള്ള പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
തീപിടുത്തമുണ്ടായതിനു പിന്നാലെ വിവരമറിഞ്ഞ് റാസല്‍ഖൈമ പോലീസും അഗ്നിശമനസേനയും പാരാമെഡിക്കല്‍ ജീവനക്കാരുമെല്ലാം പിന്നാലെയെത്തിയിരുന്നു. മുന്‍കരുതലെന്ന നിലയില്‍ സമീപവീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. അമ്മയ്ക്കും മക്കള്‍ക്കും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഇവര്‍ വീടിന് പുറത്തിറങ്ങാന്‍ അല്‍പസമയം കൂടി വൈകിയിരുന്നെങ്കില്‍ വലിയ ദുരന്തത്തിന് കാതോര്‍ക്കേണ്ടി വന്നിരുന്നേനെയെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.
Discussion about this post