റിയാദ്: ഖാത്തിഫ് മേഖലയില്‍ എട്ടു ഭീകരരെ വെടിവെച്ചു കൊന്നതായി സൗദി അറേബ്യ അറിയിച്ചു. സൗദിയിലെ ഷിയാ ഭൂരിപക്ഷ മേഖലയാണ് ഖാത്തിഫ് പ്രവിശ്യ. ഇവിടെ താറോത്തിന് സമീപം സനാബീസില്‍ ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ ഒളിത്താവളങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആദ്യം സൈനികര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായെന്നും ഇതോടെ തിരിച്ചടിച്ച സൈന്യം എട്ടു പേരെ കൊലപ്പെടുത്തുകയായിരുന്നെന്നും സൗദി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ അവകാശപ്പെട്ടു.
ഏറ്റുമുട്ടല്‍ നടന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടെന്നും വെടിയൊച്ച കേട്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സൗദി ഭരണകൂടത്തിന്റെ വെടിവെയ്പ്പിനെതിരേയും ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ, ഏപ്രില്‍ 23ന് സൗദി നടപ്പിലാക്കിയ കൂട്ട വധശിക്ഷയില്‍ ഭൂരിപക്ഷവും ഷിയാ വിഭാഗക്കാരായിരുന്നു.
2011ല്‍ രാജ്യത്തെ സുന്നി മുസ്ലീം ഭരണാധികാരികളില്‍ നിന്ന് തുല്ല്യനീതി വേണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച് ഷിയാ ന്യൂനപക്ഷങ്ങള്‍ ഒത്തുചേര്‍ന്ന സ്ഥലം കൂടിയാണ് ഏറ്റുമുട്ടല്‍ നടന്ന ഖാത്തിഫ്. ഇതിന് ശേഷം നിരവധി ഏറ്റുമുട്ടലുകള്‍ മേഖലയില്‍ നടന്നിരുന്നു.
2016ല്‍ ഷിയാ നേതാവായ ശൈഖ് നിമ്ര് അല്‍ നിമ്റിനെ സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന് ഇറാനില്‍ പ്രതിഷേധക്കാര്‍ തീയിട്ട തെഹ്റാനിലെ സൗദി എംബസി ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.
Discussion about this post