അബുദാബി: തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ എസി, വൈഫൈ തുടങ്ങിയവ ബസുകളില്‍ നിര്‍ബന്ധമാക്കണമെന്ന പുതിയ നിര്‍ദേശവുമായി യുഎഇ. മാനവവിഭവശേഷി മന്ത്രാലയമാണ് കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന നിര്‍ദേശം നല്‍കിയത്. അതേസമയം നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശപ്രകാരം തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. തണുത്ത വെള്ളം ലഭ്യമാക്കുന്ന റഫ്രിജറേറ്ററുകള്‍, പ്രഥമസുരക്ഷാ സംവിധാനം, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ബസിലുണ്ടായിരിക്കണം. എല്ലാ എമിറേറ്റുകളിലെയും തൊഴിലുടമകള്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
ബസുകളില്‍ കൃത്യമായ പരിശോധന നടത്തി നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അധികൃതര്‍ അറിയിച്ചു. ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവരും. ലോഗോ, സ്ഥാപനത്തിന്റെ പേര്, വേഗ നിയന്ത്രണ സ്റ്റിക്കര്‍, പരാതികളുണ്ടെങ്കില്‍ സ്ഥാപനത്തെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ ബസില്‍ പതിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.