ദുബായ്: ദുബായിയില്‍ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് 12 കാരിയേയും കുടുംബത്തെയും കൈയേറ്റം ചെയ്ത കേസില്‍ അറബ് നടിക്ക് പിഴ ശിക്ഷ വിധിച്ചു. ഈജിപ്ത്യന്‍ നടി സെന (38) യാണ് ശിക്ഷിക്കപ്പെട്ടത്. നേരത്തെ ഇവര്‍ക്കെതിരെ അടിപിടി കേസില്‍ വിചാരണ നടന്നുവരുകയായിരുന്നു. 10,000 ദിര്‍ഹം പിഴ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു സംഭവം. പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ അനുമതിയില്ലാതെ തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ചാണ് അറബ്-അമേരിക്കന്‍ കുടുംബവുമായി നടിയും സഹോദരിയും തര്‍ക്കിച്ചത്. തുടര്‍ന്ന് ഫോട്ടോയൊടുത്ത കുട്ടിയെ നടിയും സഹോദരിയും ചേര്‍ന്ന് മര്‍ദ്ദിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ ഇത് കണ്ട് ഓടിയെത്തിയതോടെ ഇരുവരും കുടുംബവുമായി വാക്കേറ്റവും കയ്യാങ്കളിയുമായി.
പിന്നീട് ഇരുവിഭാഗവും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തങ്ങള്‍ കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. അതേസമയം ഹോട്ടലിലെ മറ്റ് അതിഥികള്‍ ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടതായി പോലീസിനോട് പറഞ്ഞു.
ഇവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് നടിയുടെ ഫോട്ടോകള്‍ ഒന്നും കുട്ടി എടുത്തിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ സ്വകാര്യതാ ലംഘനം ആരോപിച്ച് നടി നല്‍കിയ പരാതി റദ്ദായി. ഫോണില്‍ നടിയുടെ ചിത്രങ്ങളോ വീഡിയും പകര്‍ത്തുകയോ പിന്നീട് ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വിദഗ്ദ സാങ്കേതിക പരിശോധനയിലും തെളിഞ്ഞു.