ദുബായ്: വിമാനം ആറ് മണിക്കൂര്‍ നേരം വൈകിയപ്പോള്‍ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം. സാറാ ഇല്‍റാഹ് അഹമ്മദ് എന്ന 21കാരിക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ഏഴ് കോടി രൂപയാണ് സാറായ്ക്ക് ലഭ്യമായത്. മുംബൈയില്‍ നിന്നും ദുബായ് വഴി മനാമയിലേക്ക് പോവുകയായിരുന്നു സാറ. വിമാനം ആറു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ പെണ്‍കുട്ടി കുടുങ്ങി.
മടുപ്പ് തോന്നിയ സമയത്താണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുക്കാമെന്ന് കരുതിയത്. 299 സീരീസിലെ 2790 എന്ന നമ്പറിലെ ടിക്കറ്റാണ് എടുത്തത്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് ഈ ടിക്കറ്റിനായിരുന്നു. ആദ്യമായി എടുത്ത ടിക്കറ്റിനു തന്നെ ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തിലാണ് സാറ. മാര്‍ച്ച് അവസാനത്തോടെയാണ് ടിക്കറ്റ് എടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ ഈ സര്‍പ്രൈസ് പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് സാറ പറയുന്നു. പിതാവിനെ അത്ഭുതപ്പെടുത്താന്‍ വേണ്ടിയാണ് ടിക്കറ്റ് എടുത്തത്.
ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. ഒരിക്കലും സമ്മാനം തനിക്കായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം വിചാരിച്ചത് ആരോ പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ്. പിന്നീട് അങ്ങനെയല്ല എന്നു മനസിലായി. ഉടന്‍ തന്നെ ഞാന്‍ പിതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം വളരെ സന്തോഷവാന്‍ ആയിരുന്നുവെന്നും സാറ പറയുന്നു. പിതാവ് സുഡാന്‍ പൗരനും മാതാവ് ഇന്ത്യക്കാരിയുമാണ്. ബഹ്‌റൈനില്‍ സ്ഥിരതാമസം ആക്കിയവരാണ് ഇവര്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള സാറ പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്തത് സുഡാന്‍ ആയിരുന്നു. ചെറുപ്പം മുതലേ ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം.
ഇനിയും പഠിക്കാനുണ്ട്. ഇപ്പോഴുള്ളത് പൂര്‍ത്തിയാക്കിയ ശേഷം സര്‍ജിക്കല്‍ റസിഡന്‍സി പഠിച്ച് സര്‍ജന്‍ ആകണമെന്നാണ് ആഗ്രഹം. ഉന്നതവിദ്യാഭ്യാസം യൂറോപ്പില്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിന് സമ്മാനമായി ലഭിച്ച ഈ പണം വലിയ സഹായം ചെയ്യുമെന്നാണ് കരുതുന്നത്. നാലു മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് സാറ. മൂത്ത സഹോദരന്‍ ഉന്നതവിദ്യാഭ്യാസം പൂനെയിലാണ് ചെയ്യുന്നത്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും ഈ നറുക്കെടുപ്പ് സമ്മാനം സഹായിക്കുമെന്നും സാറാ പറയുന്നു.