പബ്ജി ഗെയിമിന്റെ അടിമയായ ഭാര്യയെ പിന്തിരിപ്പിക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമം പരാജയപ്പെട്ടു; വിവാഹ മോചനത്തിനൊരുങ്ങി യുവതി

ഭാര്യ വിവാഹമോചനം ആവശ്യപ്പെടും വരെ കാര്യങ്ങള്‍ പോവുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

അബുദാബി; ഭര്‍ത്താവ് പബ്ജി ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. യുഎഇയിലാണ് സംഭവം. 20 വയസുകാരി യുവതി പബ്ജി ഗെയിമിന്റെ അടിമയാണ് ,ഇതിനോടകം യുവതിക്ക് പബ്ജിയോടുള്ള ആസക്തി കൂടിവരുന്നുണ്ടെന്ന് ശ്രദ്ധിച്ച ഭര്‍ത്താവ് അവരെ കളിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയെ കുടുംബജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് അയാള്‍ കരുതി. എന്നാല്‍ ഇതെതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം കലശലായതോടെയാണ് യുവതി സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ സെന്ററിനെ സമീപിച്ചത്.

തന്റെ വിനോദോപാധികള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഗെയിമില്‍ നിന്നും തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. താന്‍ പബ്ജിയിലെ ചാറ്റ് ഓപ്ഷന്‍ ഓണ്‍ ആക്കാറില്ലെന്നും അതുകൊണ്ട് അപരിചിതരുമായി ഇടപഴകുന്നില്ലെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മാത്രമേ ഗെയിം കളിക്കാറുള്ളൂ എന്നും യുവതി പറയുന്നു. ഗെയിമിനോട് താന്‍ അടിമപ്പെടുമെന്നും വീടിനോടും കുടുംബത്തോടുമുള്ള ചുമതലകളില്‍ നിന്നും അത് തന്നെ അകറ്റുമെന്നും ഭര്‍ത്താവ് ഭയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇത് സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്ന്കയറ്റം അല്ലെന്നും കുടുംബത്തെ ഒന്നിപ്പിച്ച് നിര്‍ത്താനാണ്
താന്‍ ശ്രമിച്ചതെന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യ വിവാഹമോചനം ആവശ്യപ്പെടും വരെ കാര്യങ്ങള്‍ പോവുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും അയാള്‍ പോലീസിനോട് പറഞ്ഞു.

ടിക് ടോക് കഴിഞ്ഞാല്‍ യുവാക്കള്‍ ഏറ്റെടുത്ത ഒരു ഓണ്‍ലൈന്‍ ഗെയിമാണ് പബ്ജി. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങി പബ്ജി ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം ഇപ്പോള്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഗെയിമുകളില്‍ ഒന്നാണ്. യുവാക്കളുടെ ഹരവും മൊബൈല്‍ ഗെയിമുകളിലെ പ്രമുഖനുമായിരിക്കുകയാണ്. മറ്റൊരു സത്യാവസ്ഥ നോക്കിയാല്‍ ഈ ഗെയിം കളിക്കുന്ന പലരുമിന്ന് അഡിക്റ്റഡാണ്. ഊണും ഉറക്കവും വരെ ഉപേക്ഷിച്ച് യുവാക്കളിന്ന് പബ്ജിക്കു പുറകേ പോവുകയാണ്. എന്നാല്‍ പബ്ജി ഗെയിം നിരോധിക്കണും എന്ന റിപ്പോര്‍ട്ടും മുമ്പ് പുറത്ത് വന്നിരുന്നു.

Exit mobile version