കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചന പാടില്ല; പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി

ഒരു ഇളവും നല്‍കാതെ ഉടന്‍ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചന പാടില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. യാചനയ്ക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു ഇളവും നല്‍കാതെ ഉടന്‍ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.

സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഭര്‍ത്താവും കുട്ടികളുമുള്‍പ്പെടെ കുവൈത്ത് വിടേണ്ടി വരും. കമ്പനി ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍ കമ്പനി വന്‍ തുക പിഴ നല്‍കേണ്ടി വരും. മാത്രമല്ല കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. കമ്പനികള്‍ക്ക് കീഴില്‍ സന്ദര്‍ശന വിസയില്‍ എത്തിയവരാണ് യാചനയിലേര്‍പ്പെട്ടതെങ്കിലും സ്‌പോണ്‍സറിങ് കമ്പനിയുടെ ഫയല്‍ മരവിപ്പിക്കും.

റംസാന്‍ മാസത്തില്‍ യാചന പിടികൂടാന്‍ മഫ്തി വേഷത്തിലുള്ള പോലീസുകാരെയും വനിതാ പോലീസിനെയും നിയോഗിക്കും. പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ യാചനയ്ക്കിടെ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Exit mobile version