അബുദാബി: ഞായറാഴ്ചയാണ് യുഎഇയില്‍ നടുറോഡില്‍ കാറിന് തീപിടിച്ചത്. തീപിടിച്ചതിനു പിന്നാലെ കൃത്യമായ അകലം പാലിക്കാതെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു നിസാന്‍ പട്രോളുകളും ഒരു മസ്ദ കാറുമാണ് കൂട്ടിയിടിച്ചത്. നിസാന്‍ പട്രോളിനാണ് തീപിടിച്ചത്. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് ഗതാഗതം നിയന്ത്രിക്കുകയും കത്തിയ വാഹനം മാറ്റുകയും ചെയ്തു.
ആംബുലന്‍സ്, സിവില്‍ ഡിഫന്‍ ഉദ്യോഗസ്ഥര്‍ പോലീസ് പട്രോള്‍സ് തുടങ്ങിയവര്‍ ഉടന്‍ തന്നെ അപകട സ്ഥലത്ത് എത്തിയെന്ന് അബുദാബി പോലീസ് ട്രാഫിക് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് ആന്‍ഡ് പട്രോള്‍ ഡിപാര്‍ട്ട്മെന്റ് തലവന്‍ ലഫ്. കേണല്‍. ജാബര്‍ സയീദന്‍ അല്‍ മന്‍സൂരി പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ലഫ്. കേണല്‍. ജാബര്‍ സയീദന്‍ അല്‍ മന്‍സൂരി ഓര്‍മപ്പെടുത്തി. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു.