റിയാദ്: സൗദി അറേബ്യയില്‍ ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി പരസ്യമായി പ്രദര്‍ശിപ്പിച്ചു. രണ്ടുപേരുടെ തലയാണ് കമ്പില്‍ കോര്‍ത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. പൊതുപ്രദര്‍ശനം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യന്‍ ഭരണകൂടം അറിയിച്ചു. അതേസമയം, സൗദിയുടെ കടുത്ത ശിക്ഷാ വിധിക്കെതിരെ പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.
ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകള്‍ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. കുറ്റവാളികള്‍ സൗദി അറേബ്യയ്ക്ക് എതിരെ ശത്രുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. വംശീയമായ വേര്‍തിരിവിനും പ്രതികള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് വെട്ടിമാറ്റപ്പെട്ട മനുഷ്യതലകള്‍ പ്രദര്‍ശിപ്പിച്ചതെന്നും സൗദി വിശദീകരിക്കുന്നു. സ്വന്തം പൗരന്മാരെയാണ് സൗദി കഠിനമായി ശിക്ഷിച്ചത്.
റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്. സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതികള്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു.
വിധിയുടെ പകര്‍പ്പ് സര്‍ക്കാര്‍ അധീനതയിലുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുര്‍ ആന്‍ വചനങ്ങളോടെയാണ് ശിക്ഷാവിധി ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷ മുസ്ളീം ജനതയായ ഷിയ മുസ്ളീം മതവിഭാഗത്തില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
Discussion about this post