കുവൈറ്റ് സിറ്റി: നാട്ടില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ജോലി സ്ഥലമായ കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ പ്രവാസിക്ക് വിമാനത്തില്‍ അന്ത്യം. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാലുചന്ദ്രന് (58) ആണ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ മരണപ്പെട്ടത്. അല്‍ ഹുമൈസി കമ്പനി മാര്‍ക്കറ്റിങ് മാനേജരാണ് ബാലുചന്ദ്രന്.
എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതായി അറിയിച്ച് സ്വീകരിക്കാന്‍ എത്തിയിരുന്ന സഹോദരനുമായി മൊബൈലില്‍ സംസാരിച്ചിരുന്നു. പിന്നീട് സഹോദരന് നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.
റിങ് ചെയ്യുന്ന ഫോണ്‍ പിന്നീട് എയര്‍പോര്‍ട്ട് അധികൃതര്‍ അറ്റന്‍ഡ് ചെയ്യുകയും മരണ വിവരം അറിയിക്കുകയുമായിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു മകളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട് ബാലുചന്ദ്രന് നാട്ടില്‍ എത്തിയിരുന്നത്. മകളെ ജംഷ്ഡ്പൂരില്‍ പഠനത്തിനായി എത്തിച്ച് തിരിച്ച് കുവൈറ്റിലേക്ക് മടങ്ങവേയാണ് സംഭവം. സാമൂഹികപ്രവര്ത്തകന് കൂടിയാണ് ബാലുചന്ദ്രന്. ഭാര്യ: ദീപ. മകള്‍: ബെനിത
Discussion about this post