കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് കാലത്തെ ചൂട് നാട്ടില്‍ ശക്തമാകുന്നതിനിടെ, ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുകയാണ് പ്രവാസികളും. നാട്ടിലെ തെരഞ്ഞെടുപ്പ് ഏറ്റെടുത്ത് പ്രവാസ ലോകത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതില്‍ വരെയെത്തി നില്ക്കുന്നു ഈ രാഷ്ട്രീയ ചൂട്.
കുവൈറ്റിലാണ് ഒരു കൂട്ടം യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍ ഒട്ടിച്ച് വ്യത്യസ്തമായിരിക്കുന്നത്. മഹ്ബൂല ബ്ലോക്ക് ഒന്നിലെ ഹൈറ്റണ് സ്റ്റാര്‍ റെസ്റ്റോറന്റിന് മുന്നിലാണ് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പോസ്റ്റര്‍ ഒട്ടിച്ചിട്ടുള്ളത്. പോസ്റ്റര്‍ നാട്ടില്‍നിന്ന് വരുത്തി പതിക്കാന്‍ നേതൃത്വം കൊടുത്തത് വടകര സ്വദേശികളായ ഷക്കീര്‍, റഷീദ്, റസാഖ്, നൗഷാദ്, സുഫൈല്‍ തുടങ്ങിയവരാണെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പോസ്റ്റര്‍ ഒട്ടിച്ച റെസ്റ്റോറന്റും മലയാളിയുടേതാണ്. നാദാപുരം വാണിമേല്‍ സ്വദേശിയായ സിവി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് റെസ്റ്റോറന്റ്. സ്വന്തം മണ്ഡലത്തിലെ പോസ്റ്റര്‍ ഒട്ടിച്ചത് ഇത്രയേറെ വൈറലാകുമെന്ന് അബ്ദുള്ളയും പ്രതീക്ഷിച്ചിരുന്നില്ല. പോസ്റ്റര്‍ കാണാനും അടുത്തുനിന്ന് സെല്‍ഫിയെടുക്കാനും ധാരാളം മലയാളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എത്തിയതിനു പിന്നാലെയായി ഇടതുമുന്നണിയുടേയും പോസ്റ്റര്‍ എത്തുമെന്നാണ് ജനസംസാരം. മറുപടി പോസ്റ്ററിന് കാത്തിരിക്കുകയാണ് ഇവിടുത്തെ മലയാളി സമൂഹം. പ്രധാന രാഷ്ട്രീയ കക്ഷികളുടെയെല്ലാം പ്രവാസി ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാണ്. മണ്ഡലം കണ്‍വെന്‍ഷനുകളും വിവിധ ഏരിയകളിലെ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനുകളും വിളിച്ച് നാട്ടിലെ വോട്ട് ഉറപ്പിക്കാന്‍ മുന്നണികളുടെ നീക്കം സജീവമാണ്.
Discussion about this post