ദമാം: സ്‌പോണ്‍സറുടെ ക്രൂരതയ്ക്ക് ഇരയായി രണ്ടു വര്‍ഷത്തോളം ശമ്പളം പോലും ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയും പിന്നീട് ദമാം വനിതാ അഭയകേന്ദ്രത്തില്‍ ഒമ്പത് മാസക്കാലത്തോളം നീതിക്ക് വേണ്ടി പോരാടുകയും ചെയ്ത പ്രവാസി തൊഴിലാളി ലക്ഷ്മിക്ക് ഒടുവില്‍ മോചനം. നവയുഗം സാംസ്‌ക്കാരികവേദിയുടെയും ഇന്ത്യന്‍ എംബസിയുടേയും സഹായത്തോടെ ആന്ധ്രാ സ്വദേശിനി ലക്ഷ്മി ദിന്നെപാടു നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് ലക്ഷ്മിയുടെ മടക്കം.
സൗദിയില്‍ നാലുവര്‍ഷം മുമ്പാണ് ലക്ഷ്മി വീട്ടുജോലിക്കായി എത്തുന്നത്. ദുരിതജീവിതമായിരുന്നു അവിടെ. വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും ശമ്പളം കിട്ടിയില്ല. ശമ്പളകുടിശ്ശിക രണ്ടു വര്‍ഷത്തോളമായപ്പോള്‍, ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് ലക്ഷ്മി അവിടെ നിന്ന് ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പിന്നീട് പോലീസുകാര്‍ അവരെ ദമാം വനിതാ അഭയകേന്ദ്രത്തില്‍ ആക്കുകയായിരുന്നു.
അവിടെ വെച്ചാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരെ ലക്ഷ്മി കണ്ടുമുട്ടുന്നത്. നവയുഗം പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനോട് തന്റെ ദുരവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. പിന്നാലെ, അവരുടെ സ്പോണ്‍സറുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അനുകൂലമായിരുന്നില്ല പ്രതികരണം. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അനുമതി വാങ്ങി സ്‌പോണ്‍സര്‍ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ലക്ഷ്മിക്ക് അനുകൂലമായി വിധി വന്നിട്ടും സ്‌പോണ്‍സര്‍ വഴങ്ങിയില്ല. ശേഷം, കോടതി സ്‌പോണ്‍സറുടെ സര്‍ക്കാര്‍ സേവനങ്ങള്‍ റദ്ദ് ചെയ്തതോടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറായി. ഇതോടെയാണ് ലക്ഷ്മിക്ക് നാട്ടിലേക്ക് തിരിക്കാനുള്ള ആത്മവിശ്വാസം കൈവന്നത്.
Discussion about this post