ദമാം: സൗദിയില്‍ പ്രസവാവധി നിഷേധിക്കപ്പെട്ട മലയാളി നഴ്‌സ് നാട്ടിലേക്ക്. കോട്ടയം ഉഴവൂര്‍ സ്വദേശി ടിന്റു സ്റ്റീഫനാണ് സൗദിയില്‍ ദുരിതങ്ങള്‍ സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങുന്നത്. സൗദിയിലെ അബഹയില്‍ സ്വകാര്യ പോളിക്ലിനിക്കില്‍ 2017 ല്‍ മൂന്ന് വര്‍ഷത്തെ കരാറിലാണ് ടിന്റു സ്റ്റീഫന്‍ എത്തിയത്.
ടിന്റുവിന് അവകാശപ്പെട്ട വാര്‍ഷിക അവധി ആദ്യ വര്‍ഷത്തില്‍ തന്നെ മാനേജ്മെന്റ് നിഷേധിച്ചിരുന്നു.
എന്നാല്‍, പ്രസവാവധി അനുവദിച്ചു തരണമെന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ മാനേജ്മെന്റിനോട് ടിന്റു അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അത് നിഷേധിക്കപ്പെട്ടു.
തുടര്‍ന്ന് അബഹയില്‍ത്തന്നെയാണ് ടിന്റു ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. എന്നിട്ടും നാട്ടിലേക്കു മടങ്ങാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അനുവദിച്ചില്ല. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയും സാമൂഹിക പ്രവര്‍ത്തകരായ ബിജു നായര്‍, അഷ്റഫ് കുറ്റിച്ചല്‍ എന്നിവര്‍ ഇടപെട്ട് അബഹ ഗവര്‍ണറേറ്റിലും ലേബര്‍ കോടതിയിലും പരാതി നല്‍കുകയും ചെയ്തു.
രണ്ട് മാസത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ലേബര്‍ കോടതിയില്‍ നിന്ന് ടിന്റുവിന് അനുകൂലമായി വിധി വന്നു. തുടര്‍ന്നാണ് കൈക്കുഞ്ഞുമായി ടിന്റു ഇന്ന് നാട്ടിലേക്ക് മടങ്ങിയത്.