റാസല്‍ഖൈമ: റാസല്‍ഖൈമ പോലീസിലെ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ഭരണാധികാരി. യുഎഇയില്‍ ഞായറാഴ്ചയുണ്ടായ വെള്ളപൊക്കത്തില്‍ വാഹനത്തില്‍ പെട്ടുപോയ മൂന്ന് കുടുംബങ്ങളെ രക്ഷിച്ച പോലീസുകാരനെയാണ് അഭിനന്ദിച്ചത്.
സലീം ഹുസൈന് അല്‍ ഹൂതിയെന്ന 25കാരനാണ് ജീവന്‍പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉള്‍പ്പെടെയുള്ളവര്‍ പോലീസുകാരനെ സമൂഹ മാധ്യമത്തിലൂടെ അനുമോദിച്ചു.
റാസല്‍ഖൈമയിലെ വാദി ബിഹില്‍ മൂന്ന് വാഹനങ്ങളില്‍ കുടുങ്ങിയ എട്ട് പേരാണ് ഞായറാഴ്ച ഉണ്ടായ വെള്ളത്തില്‍ പെട്ടത്. രണ്ട് സ്വദേശി കുടുംബങ്ങളും ഒരു പ്രവാസി കുടുംബവുമായിരുന്നു ഈ വാഹനങ്ങളില്‍. വിവരം ലഭിച്ചതിന് പിന്നാലെ സന്നാഹങ്ങളുമായി വാഹനത്തില്‍ നാലംഗ പോലീസ് സംഘമെത്തി. ശക്തിയായ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുമെന്ന അവസ്ഥയിലും ജീവന് പണയം വെച്ച് രക്ഷ പ്രവര്‍ത്തനം നടത്തിയത്.
പോലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് റാസല്‍ഖൈമ ഭരണാധികാരി ശൈഖ് ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ…
‘ജനങ്ങളുടെ സുരക്ഷയ്ക്കും സഹായത്തിനും ഏതു സാഹചര്യത്തിലും റാസല്‍ഖൈമ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്നത് വളരെ അഭിമാനം നല്കുന്ന കാര്യമാണ്. റാസല്‍ഖൈമ പൊലീസിലെ സലീം ഹുസൈന് അല്‍ ഹുതിയുടെ ധീരമായ പ്രവൃത്തി ഈയാഴ്ച നമ്മള് കണ്ടു.
വാഹനത്തില്‍ കുടുങ്ങിയ എട്ടു പേരെ സ്വന്തം ജീവന് പോലും പണയം വച്ച് ഏറെ ധൈര്യത്തോടെ അദ്ദേഹം രക്ഷിച്ചു. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്നും അവരെ സംരക്ഷിക്കാന്‍ ആ ഉദ്യോഗസ്ഥന് സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഞാന്‍ എന്റെ നന്ദിയും ബഹുമാനവും അറിയിക്കുന്നു. പ്രത്യേകിച്ച് സലീം ഹുസൈന് അല്‍ ഹുതിയോട്’
എന്നാല്‍ താന്‍ തന്റെ ജോലിയാണ് ചെയ്തത് എന്നും ജനങ്ങളെ രക്ഷിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമാണെന്നുമാണ് സലീം ഹുസൈന് അല്‍ ഹൂതി പ്രതികരിച്ചു.
Discussion about this post