ഷാര്‍ജ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ മോഷണം തടഞ്ഞ ജീവനക്കാര്‍ക്ക് പാരിതോഷികവും സ്ഥാനക്കയറ്റവും നല്കി ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലി. ഷാര്‍ജ അല്‍ ഫലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനുള്ള ശ്രമമാണ് കണ്ണൂര്‍ സ്വദേശി മുക്താര്‍ സെമന്‍, ഹൈദരാബാദ് സ്വദേശി അസ്ലം പാഷാ മുഹമ്മദ് എന്നിവര്‍ തടഞ്ഞത്.
അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ എംഎ യൂസഫലി 5000 ദിര്‍ഹം, മൊമന്റോ, കീര്‍ത്തിപത്രം എന്നിവ സമ്മാനിച്ച് ഇരുവരെയും ആദരിച്ചു. എല്ലാ ജീവനക്കാരും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ജാഗരൂകരായിരിക്കണമെന്ന് യൂസഫലി പറഞ്ഞു. സമയോചിതമായി ഇടപെട്ട് പ്രതികളെ പെട്ടെന്ന് പിടികൂടിയ ഷാര്‍ജ പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യം ഒരാളാണ് സ്ഥലത്തെത്തിയത്. ഇയാള്‍ ആയുധമുപയോഗിച്ച് കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജീവനക്കാരന് തടഞ്ഞു.
ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാര്‍ കൂടി ചേര്‍ന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി. അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായി പരുക്കേറ്റു. ഉദ്യമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തു കടക്കും മുന്‍പേ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
Discussion about this post