പകരം ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ട്; മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവല്‍ക്കരണം സൗദി നീട്ടിവെച്ചു

മലയാളികള്‍ ഉള്‍പ്പെടെ മുപ്പത്തിനായിരത്തിലേറെ വിദേശികളാണ് സൗദിയില്‍ മത്സ്യബന്ധനമേഖലയില്‍ ജോലിചെയ്യുന്നത്

റിയാദ്: പകരം ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവല്‍ക്കരണം സൗദി നീട്ടിവെച്ചു. മത്സ്യബന്ധന ബോട്ടുകളില്‍ സ്വദേശിവല്‍ക്കരണം നടത്തിയാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ബോട്ടുടമകള്‍ അധികൃകരെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി-ജല മന്ത്രാലയം നടപടി നീട്ടിവെച്ചത്.

സൗദിയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പരിസ്ഥിതി- ജല – കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ മുപ്പത്തിനായിരത്തിലേറെ വിദേശികളാണ് സൗദിയില്‍ മത്സ്യബന്ധനമേഖലയില്‍ ജോലിചെയ്യുന്നത്. ഇവരെ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ ഒഴിവാക്കിയാല്‍ പകരം ജോലിക്കായി ഈ മേഖലയില്‍ പ്രാഗല്‍ഭ്യമുള്ള സ്വദേശികളെ കിട്ടില്ലെന്നാണ് ബോട്ടുടമകള്‍ പറയുന്നത്.

ഈ സാഹചര്യത്തെ തുടര്‍ന്നാണ് മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവല്‍ക്കരണം നീട്ടിവെയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. ഇത് തീരപ്രദേശങ്ങളിലെ അതിര്‍ത്തി സുരക്ഷാ സേനയെയും അറിയിച്ചിട്ടുണ്ട്. പട്രോളിംഗ് സമയത്തു മല്‍സ്യബന്ധന ബോട്ടുകളെ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ തടയാതിരിക്കാനാണിത്. അതേ സമയം മത്സ്യബന്ധന മേഖലയിലെ സ്വദേശിവല്‍ക്കരണത്തെ കുറിച്ച് മന്ത്രാലയം വിശദമായ പഠനങ്ങള്‍ നടത്തുമെന്നും അതിനു ശേഷം മാത്രമേ ഇത് നടപ്പിലാക്കുവെന്നും മന്ത്രാലയം അറിയിച്ചു.

Exit mobile version