മസ്‌ക്കറ്റ്: തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധമായും അവധി നല്‍കണമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങള്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പരാതികള്‍ നേരിട്ട് നല്‍കുവാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സ്ഥലങ്ങളും, മെച്ചപ്പെട്ട താമസ സൗകര്യങ്ങളും നല്‍കേണ്ടത് തൊഴില്‍ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. മതിയായ സുരക്ഷയും മറ്റു സൗകര്യങ്ങളും ലഭ്യമാകാത്ത പക്ഷം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ പരാതി നല്‍കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന സംഘത്തെയും മന്ത്രാലയം നിയമിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ തക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.