ദുബായ്: കപ്പല്‍ പാറയിലിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാര്‍ക്ക് രക്ഷകരായി എത്തിയത് ദുബായ് പോലീസ്. ഖദീജ – 7 എന്ന കപ്പലാണ് തകരാറിലായത്. അതേ തുടര്‍ന്ന് കപ്പല്‍ പാറയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് പാം ദേറയ്ക്ക് സമീപം ഇവര്‍ കടലില്‍ കുടുങ്ങുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായി. ഇതിനിടയില്‍ പാറയില്‍ ഇടിച്ചതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി.
ഇതോടെയാണ് ഇവര്‍ ദുബായ് പോലീസിന്റെ സഹായം തേടിയത്. രാവിലെ 6.14നാണ് സഹായം തേടിയുള്ള അടിയന്തര സന്ദേശം ലഭിച്ചതെന്ന് ദുബായ് പോലീസ് അറിയിച്ചു. ഉടന്‍ തന്നെ കപ്പല്‍ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററും രക്ഷാബോട്ടുകളും സ്ഥലത്തേക്ക് അയച്ചു.
ശക്തമായ കാറ്റും തിരമാലകളും കാരണം കപ്പലിന് അടുത്തേക്ക് എത്തിച്ചേരാന്‍ രക്ഷാബോട്ടുകള്‍ക്കായില്ല. തുടര്‍ന്ന് കപ്പലിലേക്ക് കയര്‍ എറിഞ്ഞുകൊടുത്തു. ലൈഫ് ജാക്കറ്റുകളുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്നവര്‍ കയറില്‍ പിടിച്ച് ബോട്ടില്‍ കയറി. 35 മിനിറ്റുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി എല്ലാവരെയും സുരക്ഷിതരായി റാഷിദ് തുറമുഖത്ത് എത്തിച്ചു. നാവികരെ രക്ഷിച്ച ദുബായ് പൊലീസിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു.