മലയാളികളെ അതിരറ്റ് സ്‌നേഹിച്ച് ഈ സൗദി കുടുംബം: ആയിരത്തോളം മലയാളികളുടെ അന്നദാതാവായും മലപ്പുറത്ത് വീടും സ്വന്തമാക്കി അല്‍ ഹാസ്മി ഗ്രൂപ്പ്

റിയാദ്: മലയാളികളെ അതിരറ്റ് സ്‌നേഹിച്ച് ഒരു സൗദി കുടുംബം, ആയിരത്തിനടുത്ത് മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയും മലയാളികളെ മതിമറന്ന് സ്‌നേഹിച്ച് കേരളത്തില്‍ വീടും സ്വന്തമാക്കിയിരിക്കുകയാണ് അല്‍ ഹാസ്മി ഗ്രൂപ്പ് ഉടമ. ജോലിയിലുള്ള മലയാളികളുടെ ആത്മാര്‍ഥതയയാണ് തങ്ങളുടെ വിജയരഹസ്യമെന്ന് കമ്പനി മേധാവികള്‍ പറയുന്നു.

മലയാളികളോട് ഈ സൗദി കുടുംബത്തിനുള്ള കറകളഞ്ഞ സ്‌നേഹം അത്ഭുതപ്പെടുത്തുന്നതാണ്. ഖുന്ഫുദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹാസ്മി ഗ്രൂപ്പിന് കീഴില്‍ സൗദിയില്‍ ആകെ ജോലി ചെയ്യുന്നത് ആയിരത്തി ഒരുനൂറ് തൊഴിലാളികള്‍. ഇതില്‍ നിതാഖാത് പ്രകാരം ജോലിക്ക് വെക്കാവുന്ന തൊള്ളായിരത്തി മുപ്പതോളം വിദേശികളില്‍ മലയാളികളുടെ എണ്ണം തൊള്ളായിരത്തിലേറെ വരും.

തൊള്ളായിരത്തി എണ്‍പത്തിയാറില്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഹാസ്മി, ഈ കമ്പനി തുടങ്ങിയ സമയം മുതല്‍ മലയാളികള്‍ കൂടെയുണ്ട്. തൊണ്ണൂറുകളില്‍ ഗള്‍ഫ് യുദ്ധത്തെതുടര്‍ന്ന് യമനികള്‍ സൗദിയില്‍ നിന്ന് മടങ്ങിയപ്പോള്‍ കമ്പനിയില്‍ പകരം എത്തിയതില്‍ ഭൂരിഭാഗവും മലയാളികള്‍ ആയിരുന്നു.

ഇബ്രാഹിം അല്‍ ഹാസ്മിയുടെ മരണശേഷം കുടുംബത്തിന് വേണ്ടി മകന്‍ ഹസ്സന്‍ അല്‍ ഹാസ്മിക്കാണ് ഗ്രൂപ്പിന്റെ നടത്തിപ്പ് ചുമതല. ജോലിയിലുള്ള ആത്മാര്‍ത്ഥതയും വിശ്വാസ്യതയുമാണ് മലയാളികളെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് ഹസന്‍ അല്‍ ഹാസ്മിയും സഹോദരന്‍ മാറായി അല്‍ ഹാസ്മിയും പറഞ്ഞു. മലയാളി ജീവനക്കാര്‍ തിരിച്ചും ഈ കുടുംബത്തെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്നു.

മലയാളികളോടുള്ള സ്‌നേഹം അതിരുകടന്നപ്പോള്‍ മലപ്പുറത്ത് സ്വന്തമായി ഒരു വീട് വാങ്ങിയിട്ടുണ്ട് ഹസന്‍ അല്‍ ഹാസ്മി. നിരവധി തവണ ഈ കുടുംബം കേരളം സന്ദര്‍ശിച്ചു. കോള്‍ഡ് സ്റ്റോറെജ്, ബേക്കറി, ബേക്കറി ഉപകരണങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റ്, മിനറല്‍ വാട്ടര്‍, സ്‌കൂള്‍, ട്രാവല്‍സ്, തുടങ്ങിയ മേഖലകളില്‍ നൂറിലധികം സ്ഥാപനങ്ങള്‍ സൗദിയിലുണ്ട്. യുഎഇ, മൊറോക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളിലും സ്ഥാപനങ്ങളുണ്ട്.

Exit mobile version