ദുബായ്: നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നു ഒത്തു കൂടിയപ്പോള്‍ വിധി എത്തിയത് അപകടത്തിന്റെ രൂപത്തില്‍. ഷാര്‍ജയില്‍ ഡസേര്‍ട്ട് സഫാരി നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുടുംബത്തിലെ ദമ്പതികള്‍ മരിച്ചു. കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതോടെ മണിലില്‍ വണ്ടി പലതവണ മലക്കം മറിയുകയായിരുന്നു.
ഗുജറാത്തിലെ ബറോഡയില്‍ നിന്നുള്ള വിനോദ്ഭായ് പട്ടേല്‍ (47), ഭാര്യ രോഹിണിബഹന്‍ എന്നിവരാണ് മരിച്ചത്. റോഹിണിബഹന്‍ സംഭവസ്ഥലത്തുവച്ചും ഭര്‍ത്താവ് വിനോദ്ഭായ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഹൃദയസ്തംഭനത്തിനിടെയുമാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ അല്‍ നസായി റോഡിലായിരുന്നു അപകടം.
പട്ടേല്‍ കുടുംബം ഈ മാസം എട്ടിനാണ് യുഎഇയില്‍ എത്തിയത്. യുഎസിലുള്ള റോഹിണിയുടെ ഭാര്യാ സഹോദരന്‍ ദീപകും ഇവിടെ എത്തിയിരുന്നു. 12 വര്‍ഷത്തിനുശേഷം കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചുകൂടിയ സമയമായിരുന്നു അതെന്ന് ദീപക് പറയുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളും റോഹിണിയുടെ ഇളയ സഹോദരനും ഭാര്യയും സംഘത്തിനൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ ഒഴികെയുള്ളവര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്ന് ദീപക് പറയുന്നു. താന്‍ മറ്റൊരു വാഹനത്തില്‍ ആയതിനാലാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.